മലപ്പുറം: ഒരു വിവാഹത്തിൽ പങ്കെടുക്കാൻ ഇറങ്ങിയപ്പോഴാണ് വർക്ക്‌ഷോപ്പ് ജീവനക്കാരനായ വിജയന് സഹായം അഭ്യർഥിച്ചുള്ള ഫോൺ കോൾ വന്നത്. പെരിന്തൽമണ്ണയിൽ നിന്ന് പൊന്നാനിയിലേക്ക് രക്‌തദാന ക്യാംപിലേക്കുള്ള അവശ്യ സാധനങ്ങളുമായി പോകുകയായിരുന്ന വാൻ അങ്ങാടിപ്പുറം വൈലോങ്ങരയിൽ കേടായെന്നും സഹായിക്കണമെന്നും ആയിരുന്നു ഫോണിലൂടെ വന്ന അഭ്യർഥന.
ഞായറാഴ്‌ച ആയതിനാൽ മറ്റു മെക്കാനിക്കുകളെ ആരെയും കിട്ടിയില്ലെന്നും പറഞ്ഞു. പിന്നെ മറ്റൊന്നും ആലോച്ചിച്ചില്ല, വിവാഹത്തിൽ പങ്കെടുക്കുന്നതിനേക്കാൾ പ്രധാനം ഈ വാഹനത്തെ സമയത്തിന് ക്യാംപിൽ എത്താൻ സഹായിക്കലാണെന്ന് വിജയൻ തീരുമാനിച്ചു. കല്യാണത്തിനൊരുങ്ങിയ വേഷത്തിൽ തന്നെ വൈലോങ്ങരയിലെത്തി സമീപത്തെ വർക്ക്‌ഷോപ്പിൽ നിന്ന് സ്‌പാനറും മറ്റ് ഉപകരണങ്ങളും സംഘടിപ്പിച്ച് വിജയൻ സ്‌ഥലത്തെത്തി.
വാനിന്റെ ബ്രേക്ക് കുടുങ്ങിയതായിരുന്നു തകരാർ. മുക്കാൽ മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവിൽ വാഹനത്തിന്റെ കേടുപാടുകൾ തീർത്ത് യാത്രയാക്കി.
ഞായറാഴ്‌ച രാവിലെ 10.30ഓടെയാണ് രക്‌തദാന ക്യാംപിലേക്കുള്ള അവശ്യ സാധനങ്ങളുമായി പോകുകയായിരുന്ന വാഹനം കേടുവന്നത്. രക്‌തദാനത്തിന് ആവശ്യമായ കിറ്റുകളും രക്‌തം ശേഖരിച്ചശേഷം സുരക്ഷിതമായി രക്‌ത ബാങ്കിലെത്തിക്കാനുള്ള സംവിധാനങ്ങളും ഉള്ളതായിരുന്നു വാഹനം. ക്യാംപിൽ ശേഖരിക്കുന്ന രക്‌തം കൊണ്ടുവരാൻ മറ്റൊരു വാഹനത്തിലും സാധിക്കുമായിരുന്നില്ല.
ഈ സാഹചര്യത്തിലാണ് വാൻ ഡ്രൈവർ സത്യൻ ബ്ളഡ് ഡോണേഴ്‌സ് കേരളയുടെ ജില്ലാ ഭാരവാഹിയും വർക്ക്‌ഷോപ്പ് അസോസിയേഷൻ പെരിന്തൽമണ്ണ യൂണിറ്റ് പ്രസിഡണ്ടുമായ കെ ജയകൃഷ്‌ണനെ ബന്ധപ്പെടുന്നത്. ജയകൃഷ്‌ണനാണ് അസോസിയേഷൻ യൂണിറ്റ് സെക്രട്ടറിയായ വിജയനെ വിളിച്ചത്. വാഹനത്തിന്റെ ഷോറൂമിലും പരിചയത്തിലുള്ള മെക്കാനിക്കുകളെയും വിളിച്ചെങ്കിലും ആരെയും ലഭ്യമായില്ല. ഈ വാഹനംതന്നെ പൊന്നാനിയിലെത്തേണ്ട അടിയന്തര സാഹചര്യം മനസിലാക്കിയ വിജയൻ ഓടിയെത്തുകയായിരുന്നു. വാഹനത്തിന്റെ കേടുപാടുകൾ തീർത്ത് യാത്രയാക്കിയ ശേഷം വിജയൻ വിവാഹത്തിലും പങ്കെടുത്തു.
വ്യക്‌തിപരമായ തിരക്കുകൾക്ക് ഇടയിലും അത് മാറ്റിവച്ച് സഹായത്തിനായി എത്തിയ വിജയന് ചെയ്‌ത ജോലിയുടെ പ്രതിഫലം വാൻ ഡ്രൈവർ നൽകിയെങ്കിലും അത് സന്തോഷത്തോടെ നിരസിക്കുകയാണ് ഇദ്ദേഹം ചെയ്‌തത്. മറ്റ് തിരക്കുകളേക്കാൾ വലുത് ജീവരക്‌തം എത്തിക്കലല്ലേ എന്നും വിജയൻ ചോദിച്ചു. ചെരക്കാപറമ്പ് ആശാരിപ്പടിയിലെ ഒഴൂർ വീട്ടിലെ ഈ 61കാരൻ 40 വർഷത്തോളമായി പെരിന്തൽമണ്ണ ജൂബിലി റോഡിൽ വർക്ക്‌ഷോപ്പ് നടത്തുകയാണ്.
Most Read: രോഗവും പ്രായവും തടസമായില്ല; ഒരിക്കൽ കൂടി പൈലറ്റ് വേഷത്തിൽ 84കാരി