കൊച്ചി: വിഴിഞ്ഞം തുറമുഖപദ്ധതി 2023 ഒക്‌ടോബറിൽ പൂർണമായും പ്രവർത്തന സജ്‌ജമാക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. പദ്ധതിയുടെ പുരോഗതി ഇന്ന് ചേർന്ന അവലോകനയോഗം വിലയിരുത്തി. ഡിസംബറിൽ 220 കെവി സ്‌റ്റേഷന്റെ സ്വിച്ച് ഓൺ കർമം നിർവഹിക്കാൻ സാധിക്കുമെന്ന് തുറമുഖ മന്ത്രി വ്യക്‌തമാക്കി.
പുലിമൂട് നിർമാണത്തിനായി കൂടുതൽ കല്ലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 80 ലക്ഷം കിലോ കല്ലുകളാണ് പുലിമൂട് നിർമാണത്തിന് ആവശ്യം. ഇതിൽ 30 ലക്ഷം കല്ല് ഇതിനോടകം കിട്ടി. 50 ലക്ഷം കല്ല് കൂടി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. 2022 മാർച്ചിൽ ഗേറ്റ് കോംപ്ളക്‌സ് ജോലി പൂർത്തിയാക്കി ഉൽഘാടനം ചെയ്യും.
2023 മെയ് 23ന് വിഴിഞ്ഞം തീരത്ത് കപ്പലടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നത്. നിലവിൽ ലോകത്തെ ഏറ്റവും വലിയ കപ്പലിനും വിഴിഞ്ഞത്തേക്ക് പ്രവേശിക്കാൻ സാധിക്കും; മന്ത്രി പറഞ്ഞു.
എല്ലാ രണ്ടാഴ്‌ചയിലും വിഴിഞ്ഞം പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്താനാണ് തീരുമാനം. വിശദമായ പഠനം നടത്തിയ ശേഷമാണ് വിഴിഞ്ഞം പദ്ധതിക്ക് അനുമതി നൽകിയത്. ജനങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. അക്കാര്യവും ഉറപ്പാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.