ലഖ്‌നൗ: “അവൾ അതിജീവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, പക്ഷേ…” ഉത്തർപ്രദേശിലെ ഹത്രസിലുള്ള ബൂൾഗാരി എന്ന ഗ്രാമത്തിലെ ജനങ്ങളുടെ വാക്കുകളാണ് ഇത്. കൂട്ട ബലാത്സംഗത്തിന് ഇരയായി ഗുരുതരാവസ്ഥയിലായ പെൺകുട്ടി ഇന്നലെയാണ് മരിച്ചത്. രണ്ടാഴ്‌ചയായി ജീവിതത്തോട് മല്ലിട്ട് ഡെൽഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെൺകുട്ടിക്ക് സംഭവിച്ച ക്രൂരതയുടെ ഞെട്ടലിൽ നിന്ന് ഇപ്പോഴും ഇവിടുത്തെ ജനങ്ങൾ മുക്‌തരായിട്ടില്ല.
“വെറും 750 താമസക്കാർ മാത്രമുള്ള ഗ്രാമമാണ് ബൂൾഗാരി. അതുകൊണ്ട് തന്നെ ഈ വിഷയത്തിൽ ഇത്രയധികം ശ്രദ്ധ കിട്ടുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല. പെൺകുട്ടിയെ ഒരു നല്ല ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ, അവൾ അതിജീവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു,”- ബൂൾഗാരിയിലെ ഒരു താമസക്കാരൻ പറഞ്ഞു.
Also Read: അണ്‍ലോക്ക് 5; സ്‌കൂളുകള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ കേന്ദ്രം
ഈ മാസം 14നാണ് പടിഞ്ഞാറൻ യുപിയിലെ ഹത്രസിൽ നാലുപേർ ചേർന്ന് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തത്. പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ശരീരത്തിലെങ്ങും മുറിവുകളുണ്ടെന്നും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.
സംഭവത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. യുപിയിലെ ക്രമസമാധാനം തകർന്നു എന്നും സ്‌ത്രീകൾക്ക് യാതൊരു സുരക്ഷയും ഒരുക്കുന്നില്ലെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. പരസ്യമായി ആളുകൾ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്. പെൺകുട്ടിയുടെ കൊലയാളികൾക്ക് കഠിന ശിക്ഷ നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
തങ്ങളുടെ പെൺമക്കൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുപിയിലെ തെരുവുകളിൽ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. പെൺകുട്ടിക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തമാണ്. ‘ദലിതുകൾക്കും ഇവിടെ ജീവിക്കണം’, ‘കുറ്റവാളികളെ തൂക്കിലേറ്റണം’ എന്നീ ഹാഷ് ടാഗുകളോട് കൂടിയ ക്യാമ്പയിനുകൾ ട്വിറ്ററിലും സജീവമാണ്.
Also Read: ബാബരി കേസിൽ വിധി ഇന്ന്; അദ്വാനിയും ജോഷിയും കോടതിയിൽ എത്തില്ല
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും സംഭവത്തിൽ പ്രതികരണവുമായി എത്തിയിരുന്നു. മനുഷ്യത്വരഹിതവും ക്രൂരതയുടെ എല്ലാ സീമകളും ലംഘിക്കുന്നതുമായ സംഭവമാണ് ഹത്രസില്‍ സംഭവിച്ചതെന്ന് കോലി ട്വീറ്റ് ചെയ്‌തിരുന്നു. ഈ നീചമായ കുറ്റകൃത്യം ചെയ്‌തവരെ നിമയിത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കോലി കൂട്ടിച്ചേർത്തു.