തിരുവനന്തപുരം: ഇരട്ട വോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടുള്ളവര്‍ ബൂത്തില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി വിധിയില്‍ പറഞ്ഞത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലായില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരട്ട വോട്ട് സംബന്ധിച്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹരജി കോടതി തീര്‍പ്പാക്കിയതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നാല് ലക്ഷത്തി മുപ്പത്തിനാലായിരം പരാതികളാണ് നൽകിയതെന്നും എന്നാൽ കമ്മീഷന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്നും ചെന്നിത്തല പ്രതികരിച്ചു. 38,000 ഇരട്ട വോട്ടുകളേ ഉള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് ഒരിക്കലും ശരിയല്ല. അവര്‍ വേണ്ട രീതിയില്‍ പരിശോധിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ഇന്ന് രാത്രി ഒൻപത് മണിയോടെ www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെ ഇരട്ട വോട്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടുമെന്നും അത് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും, രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിൽ അധികം ഇരട്ടവോട്ട് ഉണ്ടെന്നായിരുന്നു രമേശ് ചെന്നിത്തല ഹരജിയില്‍ ആരോപിച്ചത്. കള്ളവോട്ടിന് കൂട്ട് നിന്ന ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ ഹൈക്കോടതി അംഗീകരിച്ചു. ഇരട്ടവോട്ട് തടയാന്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി. ആവശ്യമെങ്കിൽ കേന്ദ്രസേനയെ വിളിക്കാമെന്നും കോടതി നിർദേശിച്ചു.
Read also: ശോഭക്ക് വേണ്ടി വോട്ട് തേടി സുരേന്ദ്രൻ; കഴക്കൂട്ടത്ത് റോഡ് ഷോ