തിരുവനന്തപുരം: സംസ്‌ഥാന മന്ത്രിസഭയുടെ നിർണായക യോഗം ഇന്ന്. കരുവന്നൂർ പ്രതിസന്ധി അടക്കമുള്ള സഹകരണ മേഖലയിലെ പ്രശ്‌നങ്ങൾ യോഗത്തിൽ ചർച്ചയാകും. കഴിഞ്ഞ ദിവസം സഹകരണ വകുപ്പിലെയും കേരള ബാങ്കിന്റെയും ഉദ്യോഗസ്‌ഥരുമായി സഹകരണ മന്ത്രി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇത് സംബന്ധിച്ച സർക്കാർ നടപടികൾ മന്ത്രിസഭാ യോഗം വിലയിരുത്തും. സഹകരണ സംഘം ഭാരവാഹികളുടെ ഓൺലൈൻ മീറ്റിങ്ങും നടക്കുന്നുണ്ട്.
കരുവന്നൂരിൽ കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങൾക്ക് അടിയന്തിരമായി കണ്ടത്തേണ്ട പണം സഹകരണ സംഘങ്ങളിൽ നിന്ന് നിക്ഷേപമായി എത്തിക്കാനാണ് ശ്രമം നടക്കുന്നത്. എന്നാൽ, സഹകരണ നിയമഭേദഗതി ബിൽ ഗവർണർ ഒപ്പിട്ട് വന്നാൽ മാത്രമേ സംരക്ഷണ വിധി അടക്കമുള്ള കാര്യങ്ങളിലെ സാങ്കേതികത്വം ഒഴിയുകയുള്ളൂ. ഈ സാഹചര്യമടക്കം നിലവിലെ സ്‌ഥിതി മന്ത്രിസഭാ യോഗം വിലയിരുത്തും.
അതിനിടെ, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു സിപിഎം സംസ്‌ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡണ്ടുമായ എംകെ കണ്ണന് എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ് വീണ്ടും നോട്ടീസയച്ചിട്ടുണ്ട്. സ്വത്തുവിവരങ്ങൾ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി നോട്ടീസ്. വ്യാഴാഴ്‌ചക്കുള്ളിൽ കുടുംബത്തിന്റെ അടക്കം സ്വത്തുവിവരങ്ങൾ ഹാജരാക്കാനാണ് ഇഡി നിർദ്ദേശം. സ്വത്ത് വിവരങ്ങൾ ഹാജരാക്കാൻ മുൻപ് പലതവണ എംകെ കണ്ണനോട് ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇയാൾ രേഖകൾ ഹാജരാക്കിയിരുന്നില്ല.
അതേസമയം, റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനഃസ്‌ഥാപിക്കാൻ തീരുമാനമെടുക്കാനും ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സാധ്യതയുണ്ട്. വൈദ്യുതി നിയമത്തിലെ 108ആം വകുപ്പ് അനുസരിച്ചു കമ്മീഷന് നിർദ്ദേശം നൽകാനാണ് ശ്രമം. യുഡിഎഫ് കാലത്തേ 450 മെഗാവാട്ടിന്റെ ദീർഘകാല കരാറാണ് സാങ്കേതിക പ്രശ്‌നം ഉന്നയിച്ചു കമ്മീഷൻ റദ്ദാക്കിയത്. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ ആണ് കരാർ പുനഃസ്‌ഥാപിക്കാൻ നീക്കം തുടങ്ങിയത്.
Most Read| ഓഫീസ് സീൽ ചെയ്യലും അറസ്‌റ്റും; ന്യൂസ് ക്ളിക്ക് സുപ്രീം കോടതിയിലേക്ക്