പട്ടാമ്പി: ഭാരതപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പോന്നോർ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെഎസ് ഹരിതയെയാണ് (28) ഭാരതപ്പുഴയിൽ പട്ടാമ്പി പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, മൃതദേഹത്തിലെ കൈപ്പത്തി മുറിച്ചുമാറ്റിയ നിലയിലായിരുന്നു.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. സംഭവം കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഈ മാസം രണ്ടിനാണ് ഹരിതയെ കാണാതായത്. ബാങ്കിൽ പോകാനായി ഇറങ്ങിയ ഹരിത പിന്നീട് തിരിച്ചെത്തിയില്ല. സ്‌കൂട്ടറിലാണ് ഇവർ ബാങ്കിലേക്ക് പോയത്. തുടർന്ന് കാണാതായതോടെ യുവതിയുടെ വീട്ടുകാർ പേരാമംഗലം പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് അന്വേഷണം നടക്കവെയാണ് മൃതദേഹം ഭാരതപ്പുഴയിൽ കണ്ടെത്തിയത്. ഹരിതയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു. യുവതി സഞ്ചരിച്ച സ്‌കൂട്ടറും മുണ്ടൂരിൽ നിന്ന് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
Most Read: കൊല്ലം ജില്ലയിൽ ശക്‌തമായ കാറ്റും മഴയും; പലയിടത്തും ഗതാഗത തടസം