കുവൈറ്റ് : കോവിഡ് വാക്‌സിൻ സ്വീകരിക്കാത്ത ആളുകളെ പ്രവേശിപ്പിക്കുന്ന സ്‌ഥാപനങ്ങൾക്ക് 5000 ദിനാർ പിഴയായി ഈടാക്കുമെന്ന് വ്യക്‌തമാക്കി കുവൈറ്റ്. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് മാളുകൾ ഉൾപ്പടെയുള്ള പൊതു സ്‌ഥലങ്ങളിൽ വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രമേ പ്രവേശനം അനുവദിക്കാൻ പാടുള്ളൂ എന്ന നിയമം കുവൈറ്റിൽ പ്രാബല്യത്തിൽ വന്നത്.
നിയമം നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ ഷോപ്പിങ് മാളുകൾ, റെസ്‌റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, സലൂണുകൾ എന്നിവിടങ്ങളിലെ പ്രവേശനം നിരീക്ഷിക്കുന്നതിന് 24 മണിക്കൂറും ഉദ്യോഗസ്‌ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വാക്‌സിൻ സ്വീകരിച്ചതിന്റെ തെളിവുകൾ ഹാജരാക്കുന്ന ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. ഇമ്യൂൺ, മൈ ഐഡി ആപ്പുകളിൽ വാക്‌സിൻ സ്വീകരിച്ചതായി തെളിയുന്ന ആളുകൾക്കാണ് പൊതു സ്‌ഥലങ്ങളിൽ പ്രവേശനം നൽകുക.
രാജ്യത്ത് ആഭ്യന്തര മന്ത്രാലയവും, ആരോഗ്യ മന്ത്രാലയവും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ കുവൈറ്റ് മുനിസിപ്പാലിറ്റി, തൊഴിൽ വകുപ്പ്, ആഭ്യന്തരമന്ത്രാലയം, വാണിജ്യമന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. ഒരു ഡോസ് വാക്‌സിൻ മാത്രം സ്വീകരിച്ചവർക്ക് ആപ്പിൽ മഞ്ഞ നിറമാണ് തെളിയുക. 2 ഡോസും സ്വീകരിച്ചവർക്ക് പച്ച നിറവും തെളിയും. ഈ കൂട്ടർക്ക് പൊതു സ്‌ഥലങ്ങളിൽ പ്രവേശിക്കാം. എന്നാൽ വാക്‌സിൻ എടുക്കാത്ത ആളുകൾക്ക് ആപ്പിൽ ചുവന്ന നിറമായിരിക്കും തെളിയുക. ഇവർക്ക് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രവേശനം അനുവദിക്കില്ല.
Read also : മമ്മൂട്ടിയുടെ ‘വൺ’ മറ്റ് ഭാഷകളിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂർ