അഞ്ചുവയസുകാരി സ്‌കൂട്ടർ ഇടിച്ചു മരിച്ച സംഭവം; വാഹന ഉടമക്കെതിരെ കേസ്

ഈരാറ്റുപേട്ട നടയ്‌ക്കൽ പുതുപ്പറമ്പ് ഫാസിൽ- ജിസാന ദമ്പതികളുടെ മകൾ ഫൈഹ ഫാത്തിമയാണ് (5) ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിന് സമീപം എച്ച്ഡിഎഫ്‌സി ബാങ്കിന് മുന്നിൽ വെച്ച് സ്‌കൂട്ടർ ഇടിച്ചു മരിച്ചത്. ഞായറാഴ്‌ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം.

By Trainee Reporter, Malabar News
A student died after losing control of his bike and hitting a tree in Kannur
Rep. Image
Ajwa Travels

ആലപ്പുഴ: വിവാഹനിശ്‌ചയ ചടങ്ങിൽ പങ്കെടുക്കാൻ ആലപ്പുഴയിലെത്തിയ ഈരാറ്റുപേട്ട സ്വദേശിയായ അഞ്ചുവയസുകാരി സ്‌കൂട്ടർ ഇടിച്ചു മരിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ കേസെടുത്ത് പോലീസ്. മന്നത്ത് സ്വദേശിയായ യുവതിയുടെ പേരിലാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌. അപകടത്തിനിടയാക്കിയ സ്‌കൂട്ടറും പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.

സ്‌കൂട്ടർ ഓടിച്ചതും പിന്നിൽ യാത്ര ചെയ്‌തതും പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർഥികളാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉടമക്കെതിരെ കേസെടുത്തത്. ഈരാറ്റുപേട്ട നടയ്‌ക്കൽ പുതുപ്പറമ്പ് ഫാസിൽ- ജിസാന ദമ്പതികളുടെ മകൾ ഫൈഹ ഫാത്തിമയാണ് (5) ആലപ്പുഴ കോൺവെന്റ് സ്‌ക്വയറിന് സമീപം എച്ച്ഡിഎഫ്‌സി ബാങ്കിന് മുന്നിൽ വെച്ച് സ്‌കൂട്ടർ ഇടിച്ചു മരിച്ചത്. ഞായറാഴ്‌ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം.

കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ വീട്ടിൽ വിവാഹ നിശ്‌ചയ ചടങ്ങിൽ പങ്കെടുത്ത ശേഷം ഫാത്തിമയും മാതാപിതാക്കളും റോഡരികിൽ നിൽക്കുമ്പോൾ അമിത വേഗത്തിലെത്തിയ സ്‌കൂട്ടർ കുട്ടിയെ ഇടിച്ചു തെറിപ്പിച്ച ശേഷം നിർത്താതെ പോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

അതിനിടെ, ജനറൽ ആശുപത്രിയിൽ നിന്ന് ആംബുലൻസ് ലഭിക്കാൻ വൈകിയതായി ആരോപിച്ചു കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. മെഡിക്കൽ കോളേജിൽ എത്തിയതിന് ശേഷവും കുട്ടിക്ക് ശരിയായ പരിചരണം കിട്ടിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതോടെ ആശുപത്രി അധികൃതരും കുട്ടിയുടെ ബന്ധുക്കളും വാക്കുതർക്കത്തിൽ ഏർപ്പെടുകയും സ്‌ഥലത്ത്‌ സംഘർഷാവസ്‌ഥ സൃഷ്‌ടിക്കുകയും ചെയ്‌തു.

തുടർന്ന് അമ്പലപ്പുഴ എസ്‌ഐ നവാസിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘമാണ് സ്‌ഥിതിഗതികൾ ശാന്തമാക്കിയത്. അത്യാഹിത വിഭാഗത്തിൽ നിന്ന് പീഡിയാട്രിക് ഐസിയുവിലേക്ക് മാറ്റിയെങ്കിലും ചികിൽസക്കിടെ അഞ്ചരയോടെ കുഞ്ഞു മരിക്കുകയായിരുന്നു. ഇതോടെ കുട്ടിയെ ഇടിച്ച വാഹനം കണ്ടെത്താൻ ആലപ്പുഴ നോർത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി പരിശോധിച്ചപ്പോഴാണ് സ്‌കൂട്ടറിൽ ഉണ്ടായിരുന്നവരെ തിരിച്ചറിഞ്ഞത്.

സ്‌കൂട്ടർ ഓടിച്ചതും പിന്നിൽ യാത്ര ചെയ്‌ത ആളും സ്‌കൂൾ വിദ്യാർഥികൾ ആയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അപകട വിവരം വീട്ടിൽ അറിയിക്കാതിരുന്ന കുട്ടികൾ കഴിഞ്ഞ ദിവസം രാവിലെ വാർത്ത കണ്ടു വീട്ടുകാർ ചോദിച്ചപ്പോഴാണ് സത്യം പറഞ്ഞത്. തുടർന്ന് പോലീസ് സ്‌റ്റേഷനിൽ വിവരമറിയിക്കുക ആയിരുന്നു.

സഹപാഠികളായ കുട്ടികൾ ഒരു ഡോക്യുമെന്ററി ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു മറ്റൊരു സഹപാഠിയുടെ അമ്മയുടെ സ്‌കൂട്ടറിൽ പോകുമ്പോഴായിരുന്നു അപകടമെന്ന് പോലീസ് പറയുന്നു. അതേസമയം, വിദ്യാർഥികൾക്ക് എതിരെ ജുവനൈൽ കോടതിയിൽ പോലീസ് റിപ്പോർട് നൽകി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ ഫൈഹ ഫാത്തിമയുടെ മൃതദേഹം ഈരാറ്റുപേട്ടയിൽ എത്തിച്ചു പുനത്തൻപള്ളിയിൽ ഖബറടക്കി. മൂന്ന് വയസുള്ള ഫിദാൽ സഹോദരനാണ്.

Most Read| വിവാദ പ്രസ്‌താവന; ഇന്ത്യൻ വംശജയായ ആഭ്യന്തരമന്ത്രിയെ പുറത്താക്കി ഋഷി സുനക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE