മീരയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി; ഗർഭസ്‌ഥശിശു മരിച്ചു

ഗർഭിണിയായ ഭാര്യക്കെതിരെ വെടിയുതിർത്ത അമൽ റെജിക്കെതിരെ വധശ്രമത്തിനും ഗർഭസ്‌ഥ ശിശുവിന്റെ മരണത്തിൽ മനഃപൂർവമുള്ള നരഹത്യക്കുമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതെന്ന് പോലീസ് വ്യക്‌തമാക്കി. മീരയെ കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവ് റെജി വെടിവെച്ചെന്നാണ് കേസ്.

By Trainee Reporter, Malabar News
malayali women shot by husband in us
മീര, അമൽ റെജി
Ajwa Travels

കുറുവിലങ്ങാട്: അമേരിക്കയിലെ ചിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് ചികിൽസയിൽ കഴിയുന്ന മലയാളി യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. കോട്ടയം ഉഴവൂർ കുന്നാംപടവിൽ ഏബ്രഹാം (ബിനോയ്)- ലാലി ദമ്പതികളുടെ മകൾ മീരയാണ് (32) ഗുരുതര പരിക്കുകളോടെ ലൂഥറന്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നത്. മീരയുടെ മൂന്നാമത്തെ ശസ്‌ത്രക്രിയ പൂർത്തിയായതായാണ് വിവരം.

രണ്ടുമാസം ഗർഭിണി ആയിരുന്ന മീരയുടെ ഗർഭസ്‌ഥശിശു ഗുരുതരമായ രക്‌തസ്രാവത്തെ തുടർന്ന് മരിച്ചതായും ഡോക്‌ടർമാർ ബന്ധുക്കളെ അറിയിച്ചു. ഭർത്താവ് ഏറ്റുമാനൂർ പഴയമ്പള്ളി സ്വദേശി അമൽ റെജിയാണ് മീരയ്‌ക്ക് നേരെ വെടിയുതിർത്തത്. കുടുംബ പ്രശ്‌നങ്ങളെ തുടർന്നാണ് അക്രമണമെന്നാണ് വിവരം. യുഎസ് സമയം തിങ്കളാഴ്‌ച രാത്രി 10.10ന് (ഇന്ത്യൻ സമയം ചൊവ്വാഴ്‌ച 9.40) ചിക്കാഗോയിലെ ഒരു പള്ളിക്ക് സമീപമാണ് സംഭവം നടന്നത്.

അമൽ മീരയ്‌ക്ക് നേരെ പത്ത് തവണ വെടിയുതിർത്തതായി തെളിഞ്ഞിട്ടുണ്ട്. മീരയുടെ കണ്ണിന് സമീപവും വാരിയെല്ലിനുമാണ് വെടിയേറ്റത്. തൊട്ടടുത്ത് നിന്നാണ് അമൽ വെടിയുതിർത്തത്. ഉടനെ പോലീസെത്തി മീരയെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ അമലിനെ പോലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. അതേസമയം, സംഭവത്തിന്റെ വിശദാംശങ്ങൾ ദേസ് പ്ളെയിൻസ് പോലീസ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ടിട്ടുണ്ട്.

ഗർഭിണിയായ ഭാര്യക്കെതിരെ വെടിയുതിർത്ത അമൽ റെജിക്കെതിരെ വധശ്രമത്തിനും ഗർഭസ്‌ഥ ശിശുവിന്റെ മരണത്തിൽ മനഃപൂർവമുള്ള നരഹത്യക്കുമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നതെന്ന് പോലീസ് വ്യക്‌തമാക്കി. മീരയെ കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവ് റെജി വെടിവെച്ചെന്നാണ് കേസ്. സെന്റ് സഖാരി ചർച്ച് പാർക്കിങ് ലോട്ടിൽ നിന്നുള്ള അടിയന്തിര സന്ദേശത്തെ തുടർന്നാണ് ദേസ് പ്ളെയിൻസ് പോലീസ് സ്‌ഥലത്ത്‌ എത്തുന്നത്.

പോലീസ് അവിടെയെത്തുമ്പോൾ സംഭവ സ്‌ഥലത്ത്‌ അമൽ റെജി ഉണ്ടായിരുന്നു. വീട്ടിൽ വെച്ച് താനും ഭാര്യയും തമ്മിൽ സാമ്പത്തിക വിഷയത്തിൽ തർക്കം ഉണ്ടായെന്നും, തർക്കത്തിനൊടുവിൽ താൻ ഭാര്യയെ വെടിവെച്ചതായും, തോക്ക് തന്റെ കൈയിൽ ഉണ്ടെന്നും അമൽ റെജി പോലീസിനോട് പറഞ്ഞു. റിയർ വിൻഡോ തകർന്ന ഒരു സിൽവർ നിറമുള്ള ഹോണ്ട ഒഡീസി കാറും സംഭവ സ്‌ഥലത്ത്‌ ഉണ്ടായിരുന്നു. വാഹനത്തിന് സമീപത്തേക്ക് ചെന്നപ്പോഴാണ് മീരയെ വെടിയേറ്റ നിലയിൽ പോലീസ് കണ്ടെത്തുന്നത്.

ഉടൻ തന്നെ യുവതിക്ക് അടിയന്തിര വൈദ്യസഹായം നൽകുകയും ആശുപത്രിയിലേക്ക് മാറ്റുകയും ആയിരുന്നു. വാഹനത്തിൽ നിന്ന് തിര നിറച്ച കൈത്തോക്കും കണ്ടെടുത്തിട്ടുണ്ട്. പിന്നാലെ അമൽ റെജിയെ കസ്‌റ്റഡിയിലെടുത്ത് ദേസ് പ്ളെയിൻസ് പോലീസ് ഡിപ്പാർട്ട്മെന്റിലേക്ക് മാറ്റുകയായിരുന്നു. വീട്ടിൽ വെച്ച് തന്നെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്‌തമായി.

പിന്നാലെ വാഹനത്തിൽ വെച്ചും വഴക്ക് തുടർന്നു. ഇതോടെ കുപിതനായ റെജി തോക്ക് പുറത്തെടുത്ത് മീരക്ക് നേരെ പലതവണ വെടിയുതിർക്കുക ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ഇയാൾ തന്നെ പോലീസിനെ വിളിച്ചു വിവരങ്ങൾ കൈമാറുകയായിരുന്നു.

2019ലായിരുന്നു മീരയും അമലും തമ്മിലുള്ള വിവാഹം. ഇവർക്ക് മൂന്ന് വയസ് പ്രായമുള്ള ഒരു മകനുണ്ട്. മീരയും യുഎസിൽ തന്നെയുള്ള ഇരട്ട സഹോദരി മീനുവും നഴ്‌സുമാരാണ്. ഒന്നര വർഷം മുമ്പാണ് മീരയും അമലും യുഎസിലേക്ക് പോയത്. ഈ സമയത്ത് മൂന്ന് വയസുള്ള മകൻ ഡേവിഡ് നാട്ടിലായിരുന്നു. കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തിയ മീരയും അമലും ഡേവിഡിനെയും കൂട്ടിയാണ് മടങ്ങിപ്പോയത്.

Most Read| ആർട്ടിഫിഷ്യൽ ഇന്റലിജൻസിലെ പെൺ വിപ്ളവം; ലക്ഷ്യം മലേറിയയെ തുടച്ചു നീക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE