തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിലേക്ക് എബിവിപി മാർച്ച്. സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്‌ത അംഗങ്ങളെ എസ്എഫ്ഐ അംഗങ്ങൾ തടഞ്ഞതിൽ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. മുദ്രാവാക്യം വിളികളും പ്രകടനവുമായി വൈസ് ചാൻസലറുടെ വസതിയിലേക്ക് ഓടിക്കയറിയ എബിവിപി പ്രവർത്തകരെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
ഇതിനിടെ, ചില പ്രവർത്തകർ വിസിയുടെ വസതിയുടെ മതിൽ ചാടിക്കടന്നു. ഇവരെ പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. വൈസ് ചാൻസലറും പ്രൊ വൈസ് ചാൻസലറും എസ്എഫ്ഐയുമായി ഒത്തുകളിച്ചെന്നാണ് എബിവിപിയുടെ ആരോപണം. ഇന്നലെ നടന്ന ആദ്യ സെനറ്റ് യോഗത്തിനെത്തിയ എട്ടു അംഗങ്ങളെ സെനറ്റ് ഹൗസിന്റെ ഗേറ്റിൽ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു നിർത്തിയിരുന്നു. പോലീസ് സന്നാഹം സ്‌ഥലത്ത് ഉണ്ടായിട്ടും തടഞ്ഞവരെ അകത്തു കയറാൻ അനുവദിച്ചില്ലെന്നും എബിവിപി ആരോപിക്കുന്നു.
എസ്എഫ്ഐ തടഞ്ഞുവെച്ചവരിൽ പത്‌മശ്രീ ജേതാവ് ബാലൻ പൂതേരി അടക്കമുള്ളവർ ഉണ്ടെന്നും എബിവിപി ചൂണ്ടിക്കാട്ടുന്നു. ഗവർണർ നോമിനികളായ സെനറ്റ് അംഗങ്ങൾ മുൻകൂട്ടി സുരക്ഷ ആവശ്യപ്പെട്ടിട്ടും സർവകലാശാല വൈസ് ചാൻസലർ അത് അനുവദിക്കാൻ തയ്യാറായില്ല. ഇത്രയും വലിയ അവകാശ ലംഘനം നടന്നിട്ടും പോലീസ് കാഴ്‌ചക്കാരായി നോക്കിനിൽക്കുക മാത്രമാണ് ചെയ്‌തതെന്നും എബിവിപി ആരോപിക്കുന്നു.
Most Read| ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ഏത് വിഭാഗത്തിൽ ഉൾപ്പെടുത്തി? ഇഡിയോട് കെജ്‍രിവാൾ