കൊച്ചി: എഐ ക്യാമറ പദ്ധതിയിലെ ആദ്യ ഗഡു കെൽട്രോണിന് നൽകാൻ സംസ്‌ഥാന സർക്കാരിന് അനുമതി നൽകി ഹൈക്കോടതി. ക്യാമറകൾ ജൂൺ 23 മുതൽ പ്രവർത്തനം തുടങ്ങിയെന്നും, ആദ്യ ഗഡു നൽകാനുള്ള സമയമായെന്നും സർക്കാർ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് തുക കൈമാറാൻ അനുമതി നൽകിയത്. നേരത്തെ, എഐ ക്യാമറ പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ ഹൈക്കോടതി തടഞ്ഞിരുന്നു.
അഴിമതി ആരോപണത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയുമാണ് ഹൈക്കോടതിയിൽ ഹരജി നൽകിയത്. ചീഫ് ജസ്‌റ്റിസ് എജെ ദേശായി, ജസ്‌റ്റിസ് വിജി അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഇടക്കാല ഉത്തരവ് പുതുക്കിയാണ് ഹൈക്കോടതി പുതിയ നിലപാടെടുത്തത്.
എഐ ക്യാമറ സ്‌ഥാപിക്കുന്നതിൽ അഴിമതി ആരോപണം ഉയർന്നതോടെയാണ് കരാറുകാർക്ക് പണം കൈമാറുന്നത് ഹൈക്കോടതി തടഞ്ഞത്. ഈ ഉത്തരവാണ് ഹൈക്കോടതി പുതുക്കിയത്. ജൂൺ 23 മുതൽ സംസ്‌ഥാനത്തെ റോഡുകളിൽ ക്യാമറകൾ പ്രവർത്തന സജ്‌ജമാണെന്നും അപകട-മരണ നിരക്കുകൾ കുറഞ്ഞിട്ടുണ്ടെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെയാണ്, ആദ്യ ഗഡുവായ 11 കോടി രൂപ കെൽട്രോണിന് നൽകാൻ ഹൈക്കോടതി അനുമതി നൽകിയത്.
Most Read| വ്യാജ വാർത്തകൾ; നടപടിയെടുത്ത് കേന്ദ്രം- 8 യൂട്യൂബ് ചാനലുകൾക്ക് പൂട്ട്