ന്യൂഡെൽഹി: കർണാടകയിലെ ശിവമോഗയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ബിജെപി ഭോപ്പാൽ എംപി പ്രഗ്യാ സിംഗ് താക്കൂറിനെതിരെ പോലീസ് കേസെടുത്തു. ഹിന്ദു ജാഗരണ വേദികയുടെ ദക്ഷിണമേഖലാ വാർഷിക കൺവെൻഷനിൽ സംസാരിക്കവെ മുസ്‌ലിം വിഭാഗങ്ങൾക്ക് എതിരേയാണ് പ്രഗ്യാ സിംഗ് അപകീർത്തിപരമായ പരാമർശം നടത്തിയത്.
അന്തസ്സിനെ ചോദ്യം ചെയ്യുന്നവർക്കെതിരെ പ്രതികരിക്കാൻ ഹിന്ദുക്കൾക്ക് അവകാശം ഉണ്ടെന്നും, എല്ലാവരും ആയുധം മൂർച്ച കൂട്ടിയിരിക്കണമെന്നും പ്രഗ്യാ സിംഗ് ചടങ്ങിൽ പറഞ്ഞിരുന്നു. ഹിന്ദുത്വ സംഘടനാ പ്രവർത്തകരുടെ കൊലപാതകത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു താക്കൂറിന്റെ പരാമർശം.
”അവർക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. സ്‌നേഹത്തിൽ പോലും അവർ ജിഹാദ് ചെയ്യുന്നു. ഞങ്ങളും ദൈവത്തെ സ്‌നേഹിക്കുന്നു. ഒരു സന്യാസിയും തന്റെ ദൈവത്തെ സ്‌നേഹിക്കുന്നുവെന്നും എംപി പറഞ്ഞു. ദൈവം സൃഷ്‌ടിച്ച ഈ ലോകത്ത് എല്ലാ പീഡകരെയും പാപികളെയും അവസാനിപ്പിച്ചില്ലെങ്കിൽ പ്രണയത്തിന്റെ യഥാർഥ നിർവചനം ഇവിടെ നിലനിൽക്കില്ല. അതുകൊണ്ടുതന്നെ ലൗ ജിഹാദിൽ ഏർപ്പെടുന്നവർക്ക് ആ രീതിയിൽ തന്നെ ഉത്തരം നൽകണം. നിങ്ങളുടെ പെൺകുട്ടികളെ സംരക്ഷിക്കുക. ശരിയായ മൂല്യങ്ങൾ അവരെ പഠിപ്പിക്കുക”- പ്രഗ്യാ സിംഗ് പറഞ്ഞു.
”ഹിന്ദുക്കളുടെ വീട്ടിലെ കത്തികൾ മൂർച്ചയോടെ സൂക്ഷിക്കാനും ഹിന്ദുക്കളോട് താക്കൂർ ആഹ്വാനം ചെയ്‌തു. വീടുകളിൽ ആയുധങ്ങൾ സൂക്ഷിക്കുക. ഒന്നുമില്ലെങ്കിലും പച്ചക്കറികൾ മുറിക്കാൻ ഉപയോഗിച്ചിരുന്ന കത്തികൾ എങ്കിലും മൂർച്ചയുള്ളതാക്കുക. എപ്പോൾ എന്ത് സാഹചര്യം ഉണ്ടാകുമെന്ന് അറിയില്ല. സ്വയരക്ഷക്ക് എല്ലാവർക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീടുകളിലേക്ക് നുഴഞ്ഞു കയറിയാൽ ഉചിതമായ മറുപടി നൽകേണ്ടത് അവകാശമാണെന്നും”- പ്രഗ്യാ സിംഗ് കൂട്ടിച്ചേർത്തു.
അതേസമയം, കർണാടകയിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് അടക്കം പ്രഗ്യയുടെ പരാമർശത്തിന് എതിരെ രംഗത്തെത്തുകയായിരുന്നു. സമൂഹത്തിൽ വർഗീയ ഭിന്നിപ്പ് ഉണ്ടാക്കാനാണ് ശ്രമമെന്നും ആക്ഷേപം ഉയർന്നു. തുടർന്നാണ് പോലീസിൽ പരാതി എത്തിയത്.
Most Read: ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് ആർടിപിസിആർ നിർബന്ധമാക്കാൻ യുഎസ്