കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കള്‍ക്കുമെതിരെ നല്‍കിയ പരാതിയില്‍ തെളിവ് നല്‍കാന്‍ ക്രൈം പത്രാധിപര്‍ ടിപി നന്ദകുമാര്‍ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസില്‍ ഹാജരാകും. ഇഡിയുടെ കൊച്ചി ഓഫീസിലെത്തിയാകും തെളിവ് നല്‍കുക.
പിണറായി വിജയന്‍, തോമസ് ഐസക്, എംഎ ബേബി എന്നിവര്‍ക്കെതിരെയുള്ള പരാതിയിലാണ് തെളിവ് നല്‍കുന്നത്. ലാവ്‌ലിന്‍, സ്വരലയ, വിഭവ ഭൂപട ഇടപാട് തുടങ്ങി വിവിധ ഇടപാടുകളിലൂടെ സിപിഎം നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി.
പ്രഥമിക അന്വേഷണത്തിന്റെ ഭാഗമായി തെളിവുകള്‍ ഹാജരാക്കാനാണ് നന്ദകുമാറിനോട് ഇഡി ആവശ്യപ്പെട്ടിട്ടുള്ളത്. 2006 ല്‍ ഡിആര്‍ഐക്ക് നല്‍കിയ പരാതിയില്‍ 15 വര്‍ഷത്തിന് ശേഷമാണ് ഇഡി ഇടപെടുന്നത്. എസ്എന്‍സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട തന്റെ പരാതി സംബന്ധിച്ച് വിവരങ്ങള്‍ നല്‍കാന്‍ ഈമാസം ആദ്യം ഇഡിക്ക് മുന്നില്‍ നന്ദകുമാര്‍ ഹാജരായിരുന്നു.