തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീർ മാപ്പ് പറയില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. മാപ്പ് പറയാനും, പ്രസ്‌താവന തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. രാജ്യം വിശ്വാസികൾക്ക് വേണ്ടി മാത്രമുള്ളതല്ല, എന്നാൽ, സിപിഐഎം വിശ്വാസികൾക്ക് എതിരല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സിപിഎം മതവിശ്വാസികൾക്ക് എതിരാണെന്ന് എല്ലാ കാലത്തും പ്രചാരണം നടന്നിരുന്നു. എന്നാൽ, ഒരു കാലത്തും മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎം എടുത്തിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഷംസീറിനെ ബിജെപി ലക്ഷ്യം വെക്കുന്നതിന് പിന്നിൽ കൃത്യമായ വർഗീയ അജണ്ടയാണ്. ഷംസീറിനെ പാർട്ടി ഒറ്റക്കെട്ടായി പ്രതിരോധിക്കും. വിശ്വാസി വിശ്വാസിയായും അവിശ്വാസി അവിശ്വാസിയായും ജീവിക്കട്ടെ. ചരിത്രം ചരിത്രമായും മിത്ത് മിത്തായും വിശ്വാസം വിശ്വാസമായും കാണണം. ഒന്നിന്റെയും പേരിൽ രാഷ്‌ട്രീയമായി ഉപയോഗിക്കുന്ന നിലപാട് ശരിയല്ലെന്നും ഗോവിന്ദൻ പറഞ്ഞു.
എല്ലാ വിശ്വാസികളുടെയും വിശ്വാസികൾ അല്ലാത്തവരുടെയും ജനാധിപത്യ അവകാശം സംരക്ഷിക്കുകയാണ് സിപിഎം ചെയ്യുന്നത്. ആ നിലപാട് എന്നും സിപിഎം തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി. ശാസ്‌ത്രത്തെ തള്ളിപ്പറഞ്ഞു മുന്നോട്ട് പോകാൻ സാധിക്കില്ല. മിത്തിനെ മിത്തായിട്ട് കാണണം. പ്ളാസ്‌റ്റിക് സർജറി പരാമർശം നടത്തിയത് പ്രധാനമന്ത്രിയാണ്. പ്ളാസ്‌റ്റിക് സർജറിയിലൂടെ ഗണപതി ഉണ്ടായെന്ന് പ്രധാനമന്ത്രി മഹാരാഷ്‌ട്രയിൽ റിലയൻസ് ആശുപത്രിയുടെ ഉൽഘാടന ചടങ്ങിൽ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കലാപം ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽ ജാഗ്രത വേണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പരശുരാമൻ മഴുവെറിഞ്ഞു കേരളമുണ്ടാക്കി ബ്രാഹ്‌മണർക്ക് നൽകിയെന്ന് പറയുന്നു. ബ്രാഹ്‌മണ കാലത്താണോ കേരളം ഉണ്ടായത്? അതിനും എത്രയോ കൊല്ലം മുൻപ് കേരളം ഉണ്ടായിട്ടില്ലേ. ഇക്കാര്യം ചട്ടമ്പസ്വാമികൾ വ്യക്‌തമാക്കിയിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിൽ ശാസ്‌ത്രത്തിന്റെ മേൽ കുതിരകയറരുതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
Most Read| ബൈക്കിടിച്ചു വിദ്യാർഥിനി മരിച്ച സംഭവം; പ്രതി ആൻസൺ റോയ് അറസ്‌റ്റിൽ