അനുവിനെ കൊന്നത് മോഷണ ശ്രമത്തിനിടെ; കേസിൽ ഒരാൾ കൂടി പിടിയിൽ

കൊല്ലപ്പെട്ട അനുവിന്റെ ആഭരണങ്ങൾ വിൽക്കാൻ ഇടനിലക്കാരനായി നിന്ന അബൂബക്കറാണ് പോലീസിന്റെ പിടിയിലായത്.

By Trainee Reporter, Malabar News
anu
അനു
Ajwa Travels

കോഴിക്കോട്: പേരാമ്പ്രയിൽ യുവതിയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. കൊല്ലപ്പെട്ട അനുവിന്റെ ആഭരണങ്ങൾ വിൽക്കാൻ ഇടനിലക്കാരനായി നിന്ന അബൂബക്കറാണ് പോലീസിന്റെ പിടിയിലായത്. അനുവിനെ കൊലപ്പെടുത്തിയ ശേഷം പ്രതി മുജീബ് റഹ്‌മാൻ ആഭരണങ്ങൾ വിൽക്കാനായി അബൂബക്കറെ ഏൽപ്പിക്കുകയായിരുന്നു.

ഇയാൾ ആഭരണം വിൽക്കാൻ സമീപിച്ച ജ്വല്ലറിയിൽ പോലീസ് തെളിവെടുപ്പ് നടത്തി. അതേസമയം, പ്രതി മുജീബിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്‌റ്റഡിയിൽ വാങ്ങും. വാളൂർ കുറുങ്കുടി മീത്തൽ അനു (26) ആണ് മരിച്ചത്. നൊച്ചാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അള്ളിയോറ താഴ തോട്ടിൽ ചൊവ്വാഴ്‌ച രാവിലെ പത്ത് മണിക്കാണ് അനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്‌ച രാവിലെ സ്വന്തം വീട്ടിൽ നിന്ന് തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് വരുമ്പോഴാണ് അനുവിനെ കാണാതാകുന്നത്.

ബൈക്കിലെത്തിയ പ്രതി അനുവിനെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഇന്നലെയാണ് മലപ്പുറം കൊണ്ടോട്ടി കാവുങ്ങൽ സ്വദേശി ചെറുപറമ്പ് കോളനിയിൽ നമ്പിലത്ത് മുജീബ് റഹ്‌മാനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. പ്രതിയെ ചോദ്യം ചെയ്‌തപ്പോഴാണ്‌ ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മോഷ്‌ടിച്ച ബൈക്കുമായി എത്തിയ മുജീബ് അന്നേ ദിവസം തന്നെ അനുവിനെയും കൊലപ്പെടുത്തി.

മാർച്ച് 11 തിങ്കളാഴ്‌ച പുലർച്ചെ മട്ടന്നൂരിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് മതിൽ പൊളിച്ചു മോഷണം നടത്തി സമീപത്തെ വീട്ടിൽ നിന്ന് ഹെൽമറ്റും മോഷ്‌ടിച്ചാണ് പ്രതി പേരാമ്പ്ര ഭാഗത്ത് എത്തുന്നത്. ആളൊഴിഞ്ഞ വഴികളിൽ സ്‌ത്രീകളെ ലക്ഷ്യംവെച്ചു കറങ്ങുന്ന ഇയാൾ വാളൂർ റോഡിൽ ആളൊഴിഞ്ഞ ഭാഗത്ത് ബൈക്ക് നിർത്തി നിൽക്കുന്ന സമയത്താണ് അനു ഫോൺ ചെയ്‌ത്‌ ധൃതിയിൽ പോകുന്നത് കണ്ടത്. ഇതോടെ ബൈക്കുമെടുത്ത് മുജീബ് അനുവിന്റെ അരികിലേക്ക് എത്തുകയായിരുന്നു.

മുളിയങ്ങലിലേക്ക് ആണെങ്കിൽ കയറിക്കോ എന്നാവശ്യപ്പെട്ടെങ്കിലും ആദ്യം മടിച്ച അനു, പിന്നീട് ഇയാളുടെ പുറകിൽ കയറി. അനുവുമായി വാളൂർ നടുക്കണ്ടി പാറയിലെ എഫ്എച്ച്സിക്ക് സമീപത്തെ അള്ളിയോറ താഴ തോടിന് സമീപത്ത് എത്തിയപ്പോൾ മൂത്രമൊഴിക്കണമെന്ന് പറഞ്ഞു വണ്ടി നിർത്തി മുജീബ് ഇറങ്ങി. ബൈക്കിൽ നിന്ന് അനുവും ഇറങ്ങിയതോടെ ഇയാൾ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ബലം പിടുത്തത്തിനിടയിൽ നിലത്തു വീണ അനുവിനെ തട്ടി തോട്ടിലേക്ക് ഇട്ട് വെള്ളത്തിൽ മുക്കി കൊല്ലുകയായിരുന്നു.

ഏറെനേരം അനുവിന്റെ തല വെള്ളത്തിൽ മുക്കി പിടിച്ചു മരണം ഉറപ്പാക്കിയ ശേഷമാണ് ആഭരണങ്ങൾ കവർന്നത്. മാലയും മോതിരവും പാദസരവും കൈക്കലാക്കിയ പ്രതി അരഞ്ഞാണമുണ്ടോയെന്ന് പരിശോധിക്കാനാണ് അനുവിന്റെ ചുരിദാർ അഴിച്ചു നോക്കിയത്. എന്നാൽ, അരഞ്ഞാണമില്ലായിരുന്നു. തുടർന്ന് ബൈക്കിൽ പ്രതി രക്ഷപ്പെടുകയായിരുന്നു.

സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച ബൈക്കിന്റെ വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ പോലീസ് ബൈക്കിന്റെ ഉടമയെ തേടി മട്ടന്നൂരിൽ എത്തിയപ്പോഴാണ് മോഷണം പോയതാണെന്ന് അറിയുന്നത്. തുടർന്ന് വിവിധ സ്‌റ്റേഷനുകളുമായി സഹകരിച്ചു നടത്തിയ അന്വേഷണത്തിലും മുജീബിന്റെ മുൻകാല കേസുകളുടെയും പശ്‌ചാത്തലത്തിൽ അന്വേഷണം മലപ്പുറത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

മാരകായുധങ്ങളുമായി കറങ്ങുന്ന പ്രതിയെ കസ്‌റ്റഡിയിൽ എടുക്കുന്നതിന് പോലീസിന് ഏറെ പ്രയാസപ്പെടേണ്ടി വന്നു. മൽപ്പിടുത്തത്തിനിടെ പേരാമ്പ്ര പോലീസിലെ സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാറിന്റെ കൈക്ക് കുത്തേറ്റു. പ്രതിക്കെതിരെ വിവിധ ജില്ലകളിലായി 56 ഓളം കേസുകൾ നിലവിലുണ്ട്. പേരാമ്പ്ര ഡിവൈഎസ്‌പി കെഎം ബിജുവിന്റെ മേൽനോട്ടത്തിൽ പേരാമ്പ്ര പോലീസ് ഇൻസ്‌പെക്‌ടർ എംഎ സന്തോഷിന്റെ മേൽനോട്ടത്തിലാണ് കേസന്വേഷണം നടക്കുന്നത്.

Most Read| കെജ്‌രിവാളിനെതിരെ നടപടി കടുപ്പിച്ച് ഇഡി; രണ്ടു കേസുകളിൽ വീണ്ടും സമൻസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE