ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരി ചാന്ദ്നിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്‌ഫാക് ആലം കൊടുംകുറ്റവാളിയെന്ന് പോലീസ്. ഇയാൾ നേരത്തെയും പീഡനക്കേസിൽ പ്രതിയാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. ഡെൽഹിയിൽ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ഇയാൾ ജയിലിലായിരുന്നു. 2018 ഡെൽഹിയിലെ ഗാസിപൂർ പോലീസാണ് അസ്‌ഫാക്കിനെ അറസ്‌റ്റ് ചെയ്‌തതെന്നും പോലീസ് വ്യക്‌തമാക്കി.
എന്നാൽ, ഒരുമാസം തടവിൽ കഴിഞ്ഞ ശേഷം പ്രതി ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഈ കേസ് സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. ഇയാൾ തനിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് ആലുവ റൂറൽ എസ്‌പി വിവേക് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അസ്‌ഫാക് ആണെന്ന് വ്യക്‌തമായിരുന്നു.
കുഞ്ഞിന്റെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തിൽ പ്രതി എത്തിയത് സംഭവത്തിന് രണ്ടു ദിവസം മുമ്പാണെങ്കിലും ആലുവയിൽ വന്നിട്ട് ഏഴ് മാസമായി. കേരളത്തിൽ വന്നിട്ട് മൂന്ന് കൊല്ലമായെന്നാണ് വിവരം. ഇയാൾ എവിടെയൊക്കെ താമസിച്ചു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്.
Most Read| ഹരിയാണ കലാപം; മൂന്ന് പേർ കൊല്ലപ്പെട്ടു- ഇന്റർനെറ്റ് വിലക്കും നിരോധനാജ്‌ഞയും തുടരും