അട്ടപ്പാടി മധു കൊലക്കേസ്; സി രാജേന്ദ്രൻ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ

By Desk Reporter, Malabar News
Madhu case
Ajwa Travels

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടറായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി രാജേന്ദ്രനെ നിയമിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. പാലക്കാട് നിന്നുള്ള രാജേഷ് എം മേനോൻ അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടറാകും. മധുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിയമനം.

കേസ് ഈ മാസം 18ന് ഒറ്റപ്പാലം എസ്‌സി/ എസ്‌ടി കോടതി പരിഗണിക്കും. നാലുവർഷമായിട്ടും മധുകേസിൽ വിചാരണ നടപടികൾ പൂർത്തിയാവാത്തതിൽ പ്രതിഷേധം ശക്‌തമാകുന്നതിനിടെ ഹൈക്കോടതി ഇടപെട്ടാണ് കേസ് പരിഗണിക്കുന്നത് നേരത്തെയാക്കിയത്.

രണ്ട് കൊല്ലം മുമ്പ് സർക്കാർ ചുമതലയേൽപ്പിച്ച പബ്ളിക് പ്രോസിക്യൂട്ടര്‍ വിടി രഘുനാഥ് അനാരോഗ്യം ചൂണ്ടിക്കാട്ടി ഒഴിയാൻ സന്നദ്ധത അറിയിച്ചതോടെയാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച മധു കൊലക്കേസിന്റെ വിചാരണ പ്രതിസന്ധിയിലായത്. മധു കേസിൽ പബ്ളിക് പ്രോസിക്യൂട്ടർ എവിടെയെന്ന് കോടതി ആരാഞ്ഞപ്പോഴാണ് വിവരം മാദ്ധ്യമങ്ങളിലടക്കം ചർച്ചയായത്. മണ്ണാര്‍ക്കാട് കോടതിയിൽ മധുവിന് വേണ്ടി ആരും ഹാജരാകാതിരുന്നതോടെ ആണ് കോടതി ചോദ്യം ഉന്നയിച്ചത്. കേസിലെ രണ്ടാമത്തെ പബ്ളിക് പ്രോസിക്യൂട്ടറായിരുന്നു രഘുനാഥ്.

2018 ഫെബുവരി 22നാണ് ആള്‍ക്കൂട്ട വിചാരണയെയും ക്രൂര മർദ്ദനത്തെയും തുടർന്ന് മധു മരിച്ചത്. കടയില്‍ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവര്‍മാരുമായ മറ്റു പ്രതികളും ചേർന്ന് മധുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംഷുദ്ദീന്‍, 16ആം പ്രതി മുനീര്‍ എന്നിവരാണ് മധുവിനെ മര്‍ദ്ദിച്ചതെന്നാണ് കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നത്.

കൊലപാതകം, പട്ടിക ജാതി പട്ടിക വർഗ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. മധുവിനെ പിടികൂടിയ അജമുടി ഭാഗത്ത് വെച്ച് മർദ്ദനത്തിന് നേതൃത്വം നല്‍കിയത് ആറു പ്രതികളാണ്. അതില്‍ സിഐടിയു നേതാവും ടാക്‌സി ഡ്രൈവറുമായ മൂന്നാം പ്രതി ഷംഷുദ്ദീന്‍ വടികൊണ്ട് അടിച്ചതിനാല്‍ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടി.

പതിനാറാം പ്രതി മുനീര്‍ കാല്‍മുട്ടുകൊണ്ട് നടുവിന് ഇടിച്ചു. ഉച്ചക്ക് ഒന്നരയോടെ മുക്കാലിയിൽ എത്തിയ ഒന്നാം പ്രതി ഹുസൈന്റെ ചവിട്ടേറ്റ് വീണ മധുവിന്റെ തല ക്ഷേത്ര ഭണ്ഡാര ചുവരിലിടിച്ച് പരിക്കേറ്റെന്നും കുറ്റപത്രം പറയുന്നു. മധുവിന്റെ ശരീരത്തിലേറ്റ പതിനഞ്ചിലേറെ പരിക്കുകളാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു പോസ്‌റ്റുമോർട്ടം റിപ്പോർട്.

Most Read:  ഹെൽമെറ്റില്ലെങ്കിൽ ക്യാമറ പിടിക്കും; അമിത വേഗക്കാർ നേരെ കരിമ്പട്ടികയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE