വീണ്ടും തകര്‍ത്തടിച്ച് സ്‌റ്റോക്‌സും സഞ്‍ജുവും; രാജസ്‌ഥാന് തകര്‍പ്പന്‍ ജയം

By Sports Desk , Malabar News
Ajwa Travels

അബുദാബി: ബെന്‍ സ്‌റ്റോക്‌സ്, സഞ്‍ജു സാംസണ്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങും അവസാന ഓവറുകളിലെ സ്‌റ്റീവ് സ്‌മിത്ത്-ജോസ് ബട്‌ലര്‍ സഖ്യത്തിന്റെ വെടിക്കെട്ടും ഒത്തു ചേര്‍ന്നപ്പോള്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ രാജസ്‌ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. 15 ബോളുകള്‍ അവശേഷിക്കെയാണ് രാജസ്‌ഥാന്‍ വിജയ ലക്ഷ്യമായ 186 റണ്‍സ് നേടിയത്. സ്‌റ്റോക്‌സ് (26 പന്തില്‍ 50), വെക്കുന്ന സാംസണ്‍ (25 പന്തില്‍ 48) എന്നിവരുടെ പ്രകടനം രാജസ്‌ഥാന്‍ വിജയത്തില്‍ നിര്‍ണായകമായി. സ്‌മിത്ത് (20 പന്തില്‍ 31), ബട്‌ലര്‍ (11 പന്തില്‍ 22) എന്നിവര്‍ പുറത്താകാതെ നിന്നു. പഞ്ചാബിന് വേണ്ടി ക്രിസ് ഗെയ്ല്‍ 99 റണ്‍സ് നേടി.

ടോസ് നേടി പഞ്ചാബിനെ ബാറ്റിങ്ങിന് അയച്ച തീരുമാനം ശരി വെക്കുന്ന ബൗളിങ് പ്രകടനമാണ് രാജസ്‌ഥാന്‍ ഒന്നാം ഓവറില്‍ കാ വച്ചത്. ജോഫ്ര ആര്‍ച്ചറിന്റെ ഓവറിലെ അവസാന പന്തില്‍ എഡ്‌ജ്‌ ചെയ്‌ത മന്‍ദീപ് സിങ്ങിനെ ബെന്‍ സ്‌റ്റോക്‌സ് പറന്നു പിടിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ കെഎല്‍ രാഹുല്‍ നേടിയ ഒരു റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ മന്‍ദീപിന് പകരം വന്ന ക്രിസ് ഗെയ്‌ലും രാഹുലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ട് ഉണ്ടാക്കിയതോടെ കളി പഞ്ചാബിന്റെ കോര്‍ട്ടിലായി. ഗെയ്ല്‍ തുടക്കത്തിലേ നല്‍കിയ ക്യാച്ച് വിട്ടു കളഞ്ഞതിന് രാജസ്‌ഥാന് വലിയ വിലയാണ് നല്‍കേണ്ടി വന്നത്.

ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച ഗെയ്ല്‍ 34 പന്തില്‍ നിന്ന് 4 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ അര്‍ധ സെഞ്ചുറി തികച്ചു. സ്‌റ്റോക്‌സിന്റെ പന്തില്‍ രാഹുല്‍ തെവാട്ടിയ പിടിച്ച് കെഎല്‍ രാഹുല്‍ (46) പുറത്തായപ്പോഴാണ് 88 പന്തില്‍ 120 റണ്‍സ് നേടിയ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് പൊളിഞ്ഞത്. വരുണ്‍ ആരോണിനെ ബൗണ്ടറിക്ക് മീതെ പറത്തി സിക്‌സറുകളുടെ എണ്ണത്തില്‍ സഞ്‍ജു സാംസണ് ഒപ്പമെത്തിയ പൂരന്‍ അതേ ഓവറില്‍ ഒരു തവണ കൂടി പന്ത് നിലം തൊടാതെ പറത്തി സ്‌ഫോടനാത്‌മകമായ തുടക്കമാണ് കുറിച്ചത്. എന്നാല്‍ സ്‌റ്റോക്‌സ് എറിഞ്ഞ 18ആമത്തെ ഓവറിലെ അവസാന പന്തില്‍ പൂരനെ (10 പന്തില്‍ 22) തെവാട്ടിയ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ചെടുത്ത മികച്ചൊരു ക്യാച്ചിലൂടെ മടക്കി. 99ല്‍ നില്‍ക്കുമ്പോള്‍ അവസാന ഓവറിലെ നാലാം പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ ഗെയ്‌ലിന്റെ കുറ്റി പിഴുതു. നിരാശയോടെ ബാറ്റ് വലിച്ചെറിഞ്ഞാണ് ഗെയ്ല്‍ പ്രതികരിച്ചത്. 63 പന്തിലാണ് ഗെയ്ല്‍ 99 റണ്‍സ് എടുത്തത്. മാക്‌സ്‌വെല്‍ (6), ഹൂഡ (1) എന്നിവര്‍ പുറത്താകാതെ നിന്നു. രാജസ്‌ഥാന് വേണ്ടി ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

രാജസ്‌ഥാന് ബെന്‍ സ്‌റ്റോക്‌സും റോബിന്‍ ഉത്തപ്പയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. കഴിഞ്ഞ കളിയില്‍ നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങിയതു പോലെ ആയിരുന്നു സ്‌റ്റോക്‌സിന്റെ ബാറ്റിങ്. സ്‌റ്റോക്‌സിന്റെ സ്‌ഫോടനാത്‌മക ബാറ്റിങ്ങിൽ രാജസ്‌ഥാന്‍ 4.2 ഓവറില്‍ 50 കടന്നു. എം അശ്വിനെ തുടര്‍ച്ചയായി രണ്ട് തവണ ബൗണ്ടറിക്ക് മീതെ പറത്തിയ സ്‌റ്റോക്‌സ് ജോര്‍ദാന്‍ എറിഞ്ഞ ആദ്യ പന്തില്‍ സിക്‌സടിച്ച് 24 പന്തില്‍ അര്‍ധ ശതകം തികച്ചു. എന്നാല്‍ മൂന്നാമത്തെ പന്തില്‍ പിടിച്ച് സ്‌റ്റോക്‌സിന്റെ ഇന്നി‌ങ്സിന് അവസാനമായി. അതേ ഓവറിലെ അവസാന പന്ത് ബൗണ്ടറി പായിച്ചു കൊണ്ടായിരുന്നു സഞ്‍ജുവിന്റെ തുടക്കം.

മോശം പന്തുകളെ മാത്രം ശിക്ഷിച്ച ഉത്തപ്പ-സഞ്‍ജു സഖ്യം വിക്കറ്റ് നഷ്‌ടപ്പെടുത്താതെ നിലയുറപ്പിച്ചാണ് കളിച്ചത്. ബിഷിന്ദിയെ ബൗണ്ടറിക്ക് മീതെ പറത്തി സഞ്‍ജു 9.3 ഓവറില്‍ രാജസ്‌ഥാന്‍ സ്‌കോര്‍ 100 കടത്തി. ഇതിനിടെ എം അശ്വിനെതിരെ സിക്‌സ് ആവര്‍ത്തിക്കാനുളള ഉത്തപ്പയുടെ (30) ശ്രമം ബൗണ്ടറിയില്‍ പൂരന്റെ കൈകളില്‍ ഒതുങ്ങിയതോടെ രാജസ്‌ഥാന് രണ്ടാം വിക്കറ്റ് നഷ്‌ടമായി. ക്യാപ്റ്റന്‍ സ്‌റ്റീവ്‌ സ്‌മിത്തിനൊപ്പം മികച്ച കൂട്ടുകെട്ടുമായി മുന്നേറുന്നതിനിടെ സഞ്‍ജു (25 പന്തില്‍ 48) റണ്‍ ഔട്ട് ആയത് രാജസ്‌ഥാന് തിരിച്ചടിയായി. മുഹമ്മദ് ഷമി എറിഞ്ഞ 18ആം ഓവറില്‍ 19 റണ്‍സ് അടിച്ചു കൂട്ടിയ സ്‌മിത്തും ജോസ് ബട്‌ലറും ചേര്‍ന്ന് കളി രാജസ്‌ഥാന് അനുകൂലമാക്കി മാറ്റി. പഞ്ചാബിനായി എം അശ്വിന്‍, ജോര്‍ദാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Also Read: ഇന്ത്യയില്‍ മികച്ച ഭരണമുള്ള സംസ്‌ഥാനം കേരളം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE