ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല ഇടിഞ്ഞ് വീണുണ്ടായ ദുരന്തത്തിൽ ഇനിയും നൂറിലധികം പേരെ കണ്ടെത്താനുണ്ട്. തപോവൻ അണക്കെട്ട് നിർമാണ ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളെയാണ് കൂടുതലും കണ്ടെത്താനുള്ളത്. രക്ഷാപ്രവർത്തനം നാലാം ദിവസത്തിലേക്ക് കടക്കവെ ഇവിടെ എത്തുന്നവർക്ക് നൊമ്പരമാവുകയാണ് ബ്ളാക്കി എന്ന പേരിലുള്ള നായ.
കഴിഞ്ഞ മൂന്ന് ദിവസമായി ബ്ളാക്കി ഇവിടെ ആരെയൊക്കെയോ കാത്തിരിപ്പാണ്. രണ്ടു വയസുള്ള ഭൂട്ടിയ ഇനത്തിലുള്ള തെരുവ് നായയാണ് ബ്ളാക്കി. എന്നും രാവിലെ അണക്കെട്ട് ജോലിക്കെത്തുന്ന ആളുകൾ നൽകുന്ന ഭക്ഷണവും കഴിച്ചായിരുന്നു ബ്ളാക്കിയുടെ ദിവസം ആരംഭിച്ചിരുന്നത്. ജോലിക്കാരുമായി വളരെ വേഗത്തിൽ ഇണങ്ങുകയും ചെയ്‌തു.
എന്നാൽ ഞായറാഴ്‌ച ഇവിടെ സംഭവിച്ച ദുരന്തത്തിൽ ബ്ളാക്കിയും ഏറെ ദുഃഖിതയാണ്. തനിക്ക് ചുറ്റും അപരിചിതരായ രക്ഷാപ്രവർത്തകർ നിൽക്കുമ്പോഴും പിൻമാറാൻ തയാറാവാതെ നിസഹായതയോടെ നോക്കിയിരിപ്പാണ് ആ മിണ്ടാപ്രാണി. ബ്ളാക്കിയുടെ ദൈന്യഭാവത്തിലുള്ള നോട്ടവും നിൽപ്പും രക്ഷാ പ്രവർത്തകരെ മാത്രമല്ല, അവിടെ എത്തുന്ന ആരെയും വേദനിപ്പിക്കും.
നിരവധി തവണ രക്ഷാപ്രവർത്തകർ നായയെ സംഭവസ്‌ഥലത്ത് നിന്നും മാറ്റാൻ ശ്രമിച്ചുവെങ്കിലും അവിടേക്ക് തന്നെ തിരിച്ചത്തുകയായിരുന്നു ബ്ളാക്കി. തനിക്ക് പ്രിയപ്പെട്ടവർ ആരൊക്കെയോ ആ മണ്ണിനടിയിൽ ഉണ്ടെന്ന തിരിച്ചറിവാകാം ബ്ളാക്കിയെ അവിടേക്ക് തന്നെ എത്തിച്ചതെന്ന് രക്ഷാപ്രവർത്തകരും പറയുന്നു.
Read Also: ഉത്തരാഖണ്ഡ് അപകടം; 34 മൃതദേഹങ്ങൾ കണ്ടെത്തി; തിരച്ചിൽ തുടരുന്നു