രക്‌തസമ്മർദ്ദം; ചികിൽസിച്ചില്ലെങ്കിൽ ദീർഘകാല ആരോഗ്യ പ്രശ്‌നങ്ങൾ- ലോകാരോഗ്യ സംഘടന

ഇന്ത്യയിലെ മരണങ്ങളിൽ 10.8 ശതമാനത്തിനും പിന്നിൽ രക്‌തസമ്മർദ്ദമാണ് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നു.

By Trainee Reporter, Malabar News
blood-pressure
Representational Image
Ajwa Travels

ആഗോളതലത്തിൽ തന്നെ ലക്ഷക്കണക്കിന് പേരുടെ മരണത്തിന് കരണക്കാരനാകുന്ന നിശബ്‌ദ കൊലയാളിയാണ് രക്‌തസമ്മർദ്ദം അഥവാ ബ്ളഡ് പ്രഷർ. ലോകത്ത് ഏറ്റവും കൂടുതൽ പേരുടെ മരണത്തിനിടയാക്കുന്ന ഹൃദ്രോഗത്തിന് പിന്നിലെ പ്രധാന കാരണവും രക്‌തസമ്മർദ്ദം തന്നെയാണ്. സാധാരണ 35 വയസിന് മുകളിൽ പ്രായമുള്ള ആളുകളിലാണ് ഈ അവസ്‌ഥ കൂടുതലായി കണ്ടുവരുന്നതെങ്കിലും ഇന്നത്തെ ജീവിതശൈലീ മാറ്റത്തിന്റെ ഫലമായി ചെറുപ്പക്കാരിലും ഇന്ന് രക്‌തസമ്മർദ്ദം കൂടുതലായി കാണപ്പെടുന്നുണ്ട്.

യുവാക്കളിൽ ഇപ്പോൾ ഷുഗറും കൊളസ്‌ട്രോളും പ്രഷറുമൊക്കെ നേരത്തെ എത്തുന്നുണ്ട്. വ്യായാമമില്ലായ്‌മയും ഭക്ഷണരീതി ഒക്കെയുമാണ് ഇത്തരത്തിലുള്ള പല രോഗങ്ങൾക്കും പിന്നിൽ. രക്‌തസമ്മർദ്ദത്തെ കുറിച്ചുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോർട് ലോകാരോഗ്യ സംഘടന (World Health Organization) പുറത്തു വിട്ടതോടെയാണ്, രോഗത്തെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും ഉയർന്നു വരുന്നത്.

രക്‌തസമ്മർദ്ദത്തിന്റെ തീവ്രതയും അനന്തരഫലങ്ങളും സംബന്ധിച്ചുള്ള ആശങ്കപ്പെടുത്തുന്ന റിപ്പോർട്ടാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ മരണങ്ങളിൽ 10.8 ശതമാനത്തിനും പിന്നിൽ രക്‌തസമ്മർദ്ദമാണ് കാരണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നു. ഹൈപ്പർ ടെൻഷൻ രോഗികളുടെ ( രക്‌തസമ്മർദ്ദനില 140/ 90നും അതിന് മുകളിലുള്ളവരും, രക്‌തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നവരും) എണ്ണത്തിൽ വന്ന ക്രമാതീതമായ വർധനവിനെ കുറിച്ചും റിപ്പോർട്ടിലുണ്ട്.

1990നും 2019നും ഇടയിൽ 650 മില്യണിൽ നിന്ന് 1.3 ബില്യൺ എന്ന ഭീമമായ നിലയിലേക്കാണ് എത്തിയതെന്നും ലോകാരോഗ്യ സംഘടന പറയുന്നു. എന്നാൽ, രക്‌തസമ്മർദ്ദമുള്ള അഞ്ചിൽ നാല് പേർക്കും മതിയായ ചികിൽസ ലഭിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഹൈപ്പർ ടെൻഷനുമായി ജീവിക്കുന്നവരിൽ പകുതിയോളം പേരും തങ്ങളുടെ രോഗാവസ്‌ഥയെ കുറിച്ച് മതിയായ അവബോധം ഇല്ലാത്തവരുമാണ്.

world health organisation

പ്രായം കൂടുന്നതും ജനിതക ഘടകങ്ങളും മാത്രമല്ല, അമിതമായി ഉപ്പ് കഴിക്കുന്നതും വ്യായാമമില്ലായ്‌മയും അമിത മദ്യപാനവും പുകവലിയുമൊക്കെ ഹൈപ്പർ ടെൻഷൻ കൂട്ടുന്ന ഘടകങ്ങളാണെന്നും റിപ്പോർട്ടിലുണ്ട്. ചികിൽസിച്ചില്ലെങ്കിൽ ഉയർന്ന രക്‌തസമ്മർദ്ദം, കൊറോണറി ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ ദീർഘകാല ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കും.

അമിതമായ ചിലവില്ലാത്ത ലളിതമായ മരുന്നുകൾ കൊണ്ട് ഫലപ്രദമായി ഹൈപ്പർ ടെൻഷന്‌ ചികിൽസ തേടാമെങ്കിലും അഞ്ചിലൊരാൾ മാത്രമേ അത് നിയന്ത്രണ വിധേയമാക്കുന്നുള്ളൂവെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്‌ടർ ഡോ. ടെഡ്രോസ് അഥനോ ഗെബ്രിയേസുസ്‌ പറയുന്നു. ഹൈപ്പർ ടെൻഷന്‌ ഫലപ്രദമായ ചികിൽസ തേടുന്നവരുടെ എണ്ണം വർധിപ്പിക്കുക വഴി 2025നുള്ളിൽ 76 ദശലക്ഷം മരണങ്ങളും 120 ദശലക്ഷം പക്ഷാപാതവും 79 ദശലക്ഷം ഹൃദയാഘാതവും 17 ദശലക്ഷം ഹൃദ്രോഗങ്ങളും തടയാനാകുമെന്നും അദ്ദേഹം പറയുന്നു.

ശരീരഭാരം വർധിക്കുന്നതോടൊപ്പം ഉണ്ടാകാൻ സാധ്യതയുള്ള ഒരു രോഗാവസ്‌ഥ കൂടിയാണ് രക്‌തസമ്മർദ്ദം. ബോഡി മാസ് സൂചിക കൂടുതലായതിനാൽ തന്നെ അമിതഭാരമുള്ളവർക്ക് ഈ രോഗാവസ്‌ഥ ഉണ്ടാകാനുള്ള സാധ്യത പൊതുവേ കൂടുതലാണ്. ശരീരഭാരം കുറയ്‌ക്കുന്നത്‌ വഴി രക്‌തസമ്മർദ്ദവും കുറയ്‌ക്കാൻ സാധിക്കുമെന്നതിനാൽ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് അത്യാവശ്യമാണ്.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE