കണ്ണൂർ: തോട്ടടയിലെ ബോംബ് സ്‌ഫോടന കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനം പോലീസ് കസ്‌റ്റഡിയിൽ എടുത്തു. വെള്ള നിറത്തിലുള്ള ട്രാവലറാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. കൊലപാതകം നടന്ന ദിവസം പ്രതികൾ സംഭവ സ്‌ഥലത്ത് എത്തിയതും ഇവിടെ നിന്ന് രക്ഷപ്പെട്ടതും ഈ വാഹനത്തിലാണെന്നാണ് പോലീസിന്റെ നിഗമനം. ബോംബ് എത്തിച്ചതും ഈ വാഹനത്തിലാണ്.
അതേസമയം, കേസിൽ അറസ്‌റ്റിലായ ഒന്നാം പ്രതി അക്ഷയ്‌നെ ഇന്ന് ഉച്ചയ്‌ക്ക് ശേഷം തലശ്ശേരി കോടതിയിൽ ഹാജരാക്കും. കേസിലെ പ്രധാന പ്രതി മിഥുൻ സംസ്‌ഥാനം വിട്ടതായാണ് സൂചന. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതിപട്ടികയിൽ അഞ്ച് പേരാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. അതേസമയം, സംഘത്തിൽ ഉൾപ്പെട്ട വടകര സ്വദേശിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഏച്ചൂർ സ്വദേശി മിഥുന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് കൊലപാതകത്തിന് കാരണമായ സ്‌ഫോടനത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. ശനിയാഴ്‌ച രാത്രി 9.40ഓടെ മിഥുനും അറസ്‌റ്റിലായ പ്രതി അക്ഷയും ചേർന്ന് താഴെ ചൊവ്വയിലെ പടക്ക വിൽപന ശാലയിലെത്തി സ്‌ഫോടന സാമഗ്രികൾ വാങ്ങിയതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഇവർ ചേലോറയിലെ മാലിന്യ നിർമാർജന കേന്ദ്രത്തിൽ വെച്ച് ബോംബ് നിർമിച്ചതായും പോലീസ് പറയുന്നു. ബോംബ് നിര്‍മാണത്തില്‍ കൊല്ലപ്പെട്ട ജിഷ്‌ണുവും ഇവർക്കൊപ്പം ഉണ്ടായിരുന്നതായാണ് പോലീസ് സംശയിക്കുന്നത്. സംഘത്തിൽ ഉണ്ടായിരുന്ന വടകര സ്വദേശിയായ ഒരാളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം സ്‌ഫോടനത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്ന നാല് പേരെ ഇന്ന് പോലീസ് കസ്‌റ്റഡിയിലെടുത്തേക്കും. സംഭവത്തിൽ കൂടുതൽ പ്രതികളുടെ അറസ്‌റ്റ് ഉടൻ ഉണ്ടാകും.
Most Read: ടിടിഇയെ അതിഥി തൊഴിലാളികൾ മര്‍ദ്ദിച്ച സംഭവം; രണ്ടുപേര്‍ അറസ്‌റ്റില്‍