കൊച്ചി: ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ ഹൈക്കോടതി അഭിഭാഷകൻ സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ചു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഡ്വ. സൈബി ജോസിനെതിരായ കേസ് അവസാനിപ്പിച്ചത്. ആരോപണങ്ങൾക്ക് തെളിവില്ലെന്ന അന്വേഷണ റിപ്പോർട് കോടതി അംഗീകരിച്ചു.
ഹൈക്കോടതി ജഡ്‌ജിമാർക്ക് കൈക്കൂലി നൽകാനെന്ന പേരിൽ സൈബി ജോസ് കക്ഷികളിൽ നിന്ന് പണം വാങ്ങിയെന്നത് കേട്ടുകേൾവിയുടെ അടിസ്‌ഥാനത്തിൽ മാത്രമാണ് എന്നായിരുന്നു റിപ്പോർട്. ഇതുസംബന്ധിച്ചു പ്രത്യേക അന്വേഷണ സംഘം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ അന്വേഷണ റിപ്പോർട് സമർപ്പിച്ചിരുന്നു. കേസിൽ 250 ആളുകളുടെ മൊഴികളും രേഖകളുമുൾപ്പടെ വിശദമായ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്.
ഇതിന് പിന്നാലെയാണ് കേസ് അവസാനിപ്പിക്കാൻ കോടതി തീരുമാനിച്ചത്. അതേസമയം, കേസ് അവസാനിപ്പിച്ചതിൽ സന്തോഷമെന്ന് അഡ്വ. സൈബി ജോസ് പ്രതികരിച്ചു. അന്വേഷണം നടത്തുന്നതിന് മുൻപ് ആരോപണം ഉന്നയിച്ചവരുടെ പശ്‌ചാത്തലം പരിശോധിക്കണമായിരുന്നുവെന്ന് അഡ്വ. സൈബി ചൂണ്ടിക്കാട്ടി. തന്നെ ഉൻമൂലനം ചെയ്യാൻ ശ്രമിച്ചവരാണ് ഇതിനെല്ലാം പിന്നിൽ. സത്യം പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നും സൈബി പറഞ്ഞു.
Most Read| മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ