കൊച്ചി: പെൺകുഞ്ഞുങ്ങൾ ആൺകുഞ്ഞുങ്ങളേക്കാൾ താഴെയാണെന്ന ചിന്ത അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി. ഭർത്താവിനും കുടുംബത്തിനും എതിരെ ഗർഭസ്‌ഥ ശിശുവിന്റെ ലിംഗനിർണയ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് യുവതി നൽകിയ ഹരജി കഴിഞ്ഞ ദിവസം ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചിരുന്നു. ഇതിന്റെ തുടർവാദം ഇന്ന് കേൾക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
ആൺകുഞ്ഞിനെ ജനിപ്പിക്കാൻ കുറിപ്പ് കൈമാറിയെന്ന കേസിൽ ഭർതൃ വീട്ടുകാരുടെ വിശദീകരണം തേടിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം. കുടുംബക്ഷേമ വകുപ്പിന് കീഴിലുള്ള പ്രീ നേറ്റൽ ഡയഗ്‌നോസ്‌റ്റിക് ഡിവിഷൻ അഡീഷണൽ ഡയറക്‌ടർക്ക് കഴിഞ്ഞ ഡിസംബറിൽ പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് ആരോപിച്ചാണ് കൊല്ലം സ്വദേശിനിയായ യുവതി ഹൈക്കോടതിയിൽ എത്തിയത്.
മൂവാറ്റുപുഴ സ്വദേശിയാണ് ഭർത്താവ്. വിവാഹം നടന്ന 2012 ഏപ്രിൽ 12ന് വൈകിട്ട് ഭർത്താവും മാതാപിതാക്കളും കൂടി ‘നല്ല ആൺകുട്ടി ഉണ്ടാകാൻ’ എന്ന് പറഞ്ഞു ഒരു കുറിപ്പ് കൈമാറിയെന്നാണ് പരാതി. ഇംഗ്ളീഷ് മാസികയിൽ വന്ന കുറിപ്പ് മലയാളത്തിലാക്കിയാണ് കൈമാറിയത്. ഈ കുറിപ്പിന്റെ പകർപ്പും കൈയ്യക്ഷരം ഭർത്താവിന്റേത് ആണെന്ന് തെളിയിക്കുന്ന ഫൊറൻസിക് റിപ്പോർട്ടും യുവതി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
പെൺകുട്ടിക്ക് ജൻമം നൽകിയതോടെ ഭർത്താവും വീട്ടുകാരും തന്നോട് അകൽച്ച കാണിച്ചതായും, മകൾക്ക് ഇപ്പോൾ പത്ത് വയസായെന്നും, കുട്ടിയെ ഇതെങ്ങനെ ബാധിക്കുമെന്നതിൽ ആശങ്കയുണ്ടെന്നും ആരോപിച്ച് ഹരജിക്കാരി കൊല്ലം കുടുംബ കോടതിയെയും സമീപിച്ചിട്ടുണ്ട്.
Most Read| അമിതവണ്ണം വില്ലൻ തന്നെ; നാലിരട്ടിയോളം വർധിച്ചതായി പഠന റിപ്പോർട്