പാലക്കാട്: സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം തുടരുമെന്ന് ബസ് ഉടമകൾ. യാത്രാ നിരക്ക് വർധിപ്പിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകളുടെ സംഘടന വ്യക്‌തമാക്കി. ‘ഗതാഗത മന്ത്രി പറഞ്ഞു പറ്റിച്ചു’ എന്നാണ് സംഘടനയുടെ ആരോപണം. സമരം തുടങ്ങി ഇത്ര ദിവസമായിട്ടും ചർച്ചക്ക് പോലും സർക്കാർ തയ്യറാകുന്നില്ലെന്നും ബസ് ഉടമകള്‍ കുറ്റപ്പെടുത്തി.
പരീക്ഷാ കാലത്ത് വിദ്യാർഥികളെ ബുദ്ധിമുട്ടിച്ചെന്ന് പറയുന്ന ഗതാഗത മന്ത്രി കെഎസ്ആര്‍ടിസിയിൽ സൗജന്യ യാത്ര അനുവദിക്കുന്നുണ്ടോ എന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ വാർത്താ സമ്മേളനത്തില്‍ ചോദിച്ചു. ഗതാഗത മന്ത്രിയുടെ പിടിവാശിയിലുണ്ടായ സമരമാണിത്. നിരക്ക് വർധന എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. വൈകാതെ നിരക്ക് കൂട്ടുമെന്ന് പറഞ്ഞിട്ട് ഗതാഗത മന്ത്രി വാക്ക് പാലിച്ചില്ലെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ ആരോപിച്ചു.
നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്‌ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്‌ചിതകാല പണിമുടക്ക് മൂന്നാം ദിവസത്തിൽ എത്തിനിൽക്കുകയാണ്. പലയിടത്തും കൃത്യ സമയത്ത് ബസ് കിട്ടാതെ ജനം വലയുകയാണ്. മധ്യ കേരളത്തിലും മലബാർ മേഖലയിലും നാട്ടിൻ പുറങ്ങളിലുമാണ് സ്വകാര്യ ബസുകളെ കൂടുതലായി ആശ്രയിക്കുന്നത്.
ഒന്നു മുതല്‍ 9 വരെ ക്‌ളാസുകളിലെ വാര്‍ഷിക പരീക്ഷ തുടങ്ങിയതിനാല്‍ സമരം വിദ്യാർഥികളെയും ബാധിച്ചിട്ടുണ്ട്. ഈ മാസം 30ന് എല്‍ഡിഎഫ് യോഗത്തിന് ശേഷം മാത്രമേ നിരക്ക് വര്‍ധനയില്‍ തീരുമാനമുണ്ടാകൂ എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.
Most Read: യുപി പ്രതിപക്ഷ നേതാവാകാൻ അഖിലേഷ് യാദവ്