കരോളിൽ കിട്ടിയ പണം തെരുവിലെ അനാഥർക്ക്; ഇത് കുട്ടിസംഘത്തിന്റെ വലിയ മനസ്

By Desk Reporter, Malabar News
Carol's money goes to street orphans; This is the big heart of the kids
കരോൾ നടത്തി കിട്ടിയ പണം അനാഥരുടെ അന്നദാനത്തിനായി നൽകിയ കുശാൽനഗർ കടിക്കാലിലെ കുട്ടികൾക്ക് നൻമമരം പ്രവർത്തകർ ഒരുക്കിയ അനുമോദന ചടങ്ങ് കാഞ്ഞങ്ങാട് ഡിവൈഎസ്‌പി ഡോ. വി ബാലകൃഷ്‌ണൻ ഉൽഘാടനം ചെയ്യുന്നു
Ajwa Travels

കാഞ്ഞങ്ങാട്: ക്രിസ്‌തുമസ്‌ തലേന്ന് സാന്താക്ളോസ് വേഷമണിഞ്ഞ് ആടിയും പാടിയും ഏവരെയും സന്തോഷിപ്പിച്ചപ്പോൾ കുട്ടിസംഘത്തിന്റെ കുഞ്ഞു ബക്കറ്റിൽ നോട്ടും നാണയത്തുട്ടുകളും വീണിരുന്നു. ആഘോഷം കഴിഞ്ഞ് ഓരോ വീട്ടിൽനിന്നും കിട്ടിയ പത്തും ഇരുപതും അൻപതും രൂപയും നാണയത്തുട്ടുകളുമെല്ലാം എണ്ണി തിട്ടപ്പെടുത്തിയ ശേഷം ഈ പണം എന്ത് ചെയ്യണമെന്ന കാര്യത്തിൽ അവർക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.

പണവുമായി നേരേ കാഞ്ഞങ്ങാട് ‘നൻമമരം’ പ്രവർത്തകരുടെ അടുത്തെത്തി. കയ്യിലെ കാശ് നീട്ടി അവർ പറഞ്ഞു; ‘ഇതാ ഈ പണം തെരുവിൽ കഴിയുന്ന അനാഥർക്കുള്ള അന്നദാനത്തിന് എടുത്തോ.’ കുട്ടിക്കൂട്ടത്തിന്റെ വാക്കുകളിൽ സ്‌നേഹവും കരുണയും കരുതലും ഉണ്ടായിരുന്നു. ഒപ്പം വിശക്കുന്നവന്റെ വേദന അറിയാനുള്ള മനസും.

നൻമമരം പ്രസിഡണ്ട് സലാം കേരള ഉടൻ മറ്റു പ്രവർത്തകരെ വിവരമറിയിച്ചു. ഈ നൻമയെ ഒറ്റവരി അനുമോദനത്തിൽ ഒതുക്കേണ്ടെന്ന് അവരും തീരുമാനിച്ചു. കാഞ്ഞങ്ങാട് നൻമമരച്ചുവട്ടിൽ കുട്ടികളെ അനുമോദിക്കാൻ ഡിവൈഎസ്‌പി ഡോ. വി ബാലകൃഷ്‌ണനെത്തി. മാതൃകാ പ്രവർത്തനമെന്നു വിശേഷിപ്പിച്ച അദ്ദേഹം ഓരോ കുട്ടിയെയും അനുമോദിച്ചു.

കുശാൽനഗർ കടിക്കാലിലെ ശ്രേയസ്, പ്രണവ്, അമൃത്, ഋതിക, അമർനാഥ്, ഗോകുൽ, അഭയ്‌ദേവ്, കിരൺ, പ്രണവ്ജിത്ത്, കൗശിക് എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന കരുന്നുകൾ. അനുമോദനച്ചടങ്ങിൽ സലാം കേരള അധ്യക്ഷനായി. നൻമമരം രക്ഷാധികാരി ടികെ നാരായണനും ട്രഷറർ ഉണ്ണികൃഷ്‌ണൻ കിനാനൂരും കുട്ടികൾക്ക് പുസ്‌തകങ്ങൾ സമ്മാനിച്ചു. സെക്രട്ടറി എൻ ഗംഗാധരൻ, സിപി ശുഭ, ബിബി കെ ജോസ്, മൊയ്‌തു പടന്നക്കാട്, വിനോദ് താനത്തിങ്കാൽ എന്നിവർ സംസാരിച്ചു.

രണ്ടു വർഷത്തോളമായി തെരുവിൽ കഴിയുന്നവർക്ക് എല്ലാദിവസവും ഭക്ഷണം നൽകുന്ന സന്നദ്ധ സംഘടനയാണ് കാഞ്ഞങ്ങാട്ടെ നൻമമരം. ഒട്ടേറെ ചികിൽസാ സഹായങ്ങൾ, വീട്‌ നിർമിക്കാനുള്ള കൈത്താങ്ങ്, ആശുപത്രിയിൽ ഒറ്റപ്പെട്ടു പോകുന്നവർക്കുള്ള സാന്ത്വനം തുടങ്ങി വിവിധ കാരുണ്യ പ്രവർത്തികളും നൻമമരം പ്രവർത്തകർ നടത്തുന്നുണ്ട്.

Most Read:  ഒറ്റക്ക് സീ സോ കളിക്കുന്ന പക്ഷി; വൈറലായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE