തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ വ്യാപക സംഘർഷം. നവകേരള സദസിന്റെ ബാനറുകൾ കോൺഗ്രസ് പ്രവർത്തകർ നശിപ്പിച്ചു. പോലീസിന് നേരെ കല്ലേറുമുണ്ടായി. പ്രവർത്തകർ അക്രമാസക്‌തർ ആയതോടെ പിരിച്ചുവിടാൻ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ട കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, എംഎൽഎമാരായ അൻവർ സാദത്ത്, ചാണ്ടി ഉമ്മൻ, എംപി ജെബി മേത്തർ തുടങ്ങിയവർ ആശുപത്രിയിൽ ചികിൽസ തേടി.
നേതാക്കൾ നിന്നിരുന്ന വേദിക്ക് സമീപം കണ്ണീർവാതക സെൽ പതിച്ചതോടെയാണ് പലർക്കും ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടത്. മാർച്ച് സംഘർഷത്തിലേക്ക് നീങ്ങിയതോടെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു. സുധാകരനെയും എംഎം ഹസനെയും പെട്ടെന്ന് തന്നെ ഇവിടെ നിന്ന് മാറ്റി. വനിതാ പ്രവർത്തകർക്കും ചില മാദ്ധ്യമ പ്രവർത്തകർക്കും ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടു.
മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധമാണ് പോലീസ് മാർച്ചിനെ നേരിട്ടതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഭവത്തിന് പിന്നാലെ മുതിർന്ന നേതാക്കൾ വേദി വിട്ടെങ്കിലും കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇവിടേക്ക് സംഘടിച്ചെത്തി. ഇവർ പോലീസിന് നേരെ മുദ്രാവാക്യം ഉയർത്തി. ഇതിനിടെ, മുതിർന്ന നേതാക്കൾ സ്‌ഥലത്തെത്തി പ്രവർത്തകരെ പിരിച്ചുവിട്ടു.
കെപിസിസിയുടെ ഡിജിപി ഓഫീസ് മാർച്ചിന് നേരെ നടന്നത് പോലീസിന്റെ ഏകപക്ഷീയ ആക്രമണമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സമാധാനപരമായി പുരോഗമിച്ച മാർച്ചിന്റെ വേദിയിലേക്ക് ടിയർ ഗ്യാസ് സെൽ പൊട്ടിച്ചു പ്രകോപനം ഉണ്ടാക്കിയത് പോലീസാണെന്നും നേതാക്കൾ പറയുന്നു.
പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. മുതിർന്ന നേതാക്കൾ ഇരുന്ന വേദിയിലേക്ക് ഗ്രനേഡ് എറിഞ്ഞത് പിണറായി വിജയന്റെ വധശ്രമം തന്നെയാണ്. കേരളത്തിൽ നടക്കുന്നത് ജനാധിപത്യമല്ല, ഏകാധിപത്യമാണ്. ഈ ജനാധിപത്യ വിരുദ്ധ സർക്കാരിനും മുഖ്യമന്ത്രിക്കും തുടരാൻ അവകാശമില്ല. ശക്‌തമായ പ്രതിഷേധങ്ങൾ ഇനിയുമുണ്ടാകും. പിണറായിക്കും ഗുണ്ടകൾക്കും ജനങ്ങളുടെ ശബ്‌ദത്തെ അടിച്ചമർത്താനാകില്ലെന്നും കോൺഗ്രസ് പ്രസ്‌താവനയിലൂടെ പറഞ്ഞു.
Most Read| കേരളത്തിന് ആശ്വാസം; 1404 കോടി രൂപ അനുവദിച്ചു കേന്ദ്രം