ഒടുവില്‍ ‘സ്‌പാർക്ക്’ വന്നു; ബംഗളൂരിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ചെന്നൈ

By Sports Desk , Malabar News
MALABARNEWS-CHENNAI
Ajwa Travels

ദുബായ്: ജയത്തിനായുള്ള ചെന്നൈയുടെ കാത്തിരിപ്പിന് ഒടുവില്‍ വിരാമം. പുതുമുഖം റിതുരാജ് ഗെയ്‌ക്ക്‌വാദിന്റെ ബാറ്റിംഗ് മികവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരിനെതിരെ എട്ട് വിക്കറ്റിന്റെ അട്ടിമറി ജയം. വിജയ ലക്ഷ്യമായ 146 റണ്‍സ് 18.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ചെന്നെ നേടി. ഗെയ്‌ക്ക്‌വാദ് (51 ബോളില്‍ നിന്ന് മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 65), ധോണി (19) പുറത്താകാതെ നിന്നു. ആദ്യം ബാറ്റ് ചെയ്‌ത് ബംഗളൂര്‍ നിശ്‌ചിത 20 ഓവറില്‍ 6 വിക്കറ്റിന് 145 റണ്‍സാണ് എടുത്തത്. ഗെയ്‌ക്ക്‌വാദാണ് മാന്‍ ഓഫ് ദ് മാച്ച്.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗളൂരിന് ദേവ്ദത്ത് പടിക്കല്‍-ആരോണ്‍ ഫിഞ്ച് സഖ്യം ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ടോട്ടല്‍ സ്‌കോര്‍ 31ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റ് വീണു. സാം കറന്റെ പന്തില്‍ റിതുരാജ് ഗെയ്‌ക്ക്‌വാദ് പിടിച്ച് ആരോണ്‍ ഫിഞ്ച് പുറത്തായി. വലിയ സ്‌കോറുകള്‍ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന ഓസ്‌ട്രേലിയന്‍ താരം ഇത്തവണ 11 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 15 റണ്‍സാണ് എടുത്തത്. 7ആം ഓവറിലെ രണ്ടാം പന്തില്‍ മിച്ചല്‍ സാന്റ്‌നറിന് വിക്കറ്റ് സമ്മാനിച്ച് ദേവ്ദത്ത് പടിക്കല്‍ പുറത്തായി. 21 പന്തില്‍ നിന്ന് 1 സിക്‌സും 2 ബൗണ്ടറിയും അടക്കം 22 റണ്‍സ് അക്കൗണ്ടില്‍ ചേര്‍ത്താണ് പടിക്കല്‍ മടങ്ങിയത്.

ഇതോടെ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി-എബി ഡിവിലിയേഴ്‌സ് സഖ്യം ക്രീസില്‍ ഒത്തു ചേര്‍ന്നു. കൂടുതല്‍ വിക്കറ്റ് നഷ്‌ടം ഇല്ലാതെ സിംഗിളുകളും ഡബിളും എടുത്ത് റണ്‍ നിരക്ക് നില നിര്‍ത്താനാണ് സഖ്യം ശ്രമിച്ചത്. 18ആം ഓവറില്‍ ദീപക് ചഹാറിനെതിരെ സിക്‌സറിന് ശ്രമിച്ച ഡിവിലിയേഴ്‌സ് ബൗണ്ടറി ലൈനിനരികെ ഡുപ്ളെസിസിന്റെ കൈകളില്‍ ഒതുങ്ങി. 36 പന്തില്‍ നിന്ന് 4 ബൗണ്ടറി ഉള്‍പ്പെടെ 39 റണ്‍സായിരുന്നു ഡിവിലിയേഴ്‌സിന്റെ സമ്പാദ്യം.

സാം കറന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച മോയിന്‍ അലി (1) വേഗം മടങ്ങിയതോടെ സ്‌കോറിംഗ് വേഗത കുറഞ്ഞു. ഇതിനിടെ വിരാട് കൊഹ് ലി 42 പന്തുകളില്‍ അര്‍ധശതകം തികച്ചു. സാം കറന്റെ തൊട്ടടുത്ത പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച കോഹ്‌ലിയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ഡുപ്ളെസി പുറത്താക്കി. പത്ത് ഓവറിലധികം വിരാട്-ഡിവിലിയേഴ്‌സ് സഖ്യം ബാറ്റ് ചെയ്‌തിട്ടും താരതമ്യേന കുറഞ്ഞ ടോട്ടല്‍ നേടാനേ ബംഗളൂരിന് കഴിഞ്ഞുള്ളു. ചെന്നൈക്കായി സാം കറന്‍ മൂന്നും ദീപക് ചഹാര്‍ രണ്ടും വിക്കറ്റ് വീഴ്‍ത്തി.

സ്‌പിന്നർ വാഷിംഗ്ടണ്‍ സുന്ദര്‍ ആണ് ബംഗളൂരിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്‌തത്. കഴിഞ്ഞ കളിയില്‍ പൂജ്യത്തിന് പുറത്തായിട്ടും ഒരിക്കല്‍ കൂടി അവസരം ലഭിച്ച ഗെയ്‌ക്ക്‌വാദും ഡുപ്ളെസിസും ചേര്‍ന്ന് ചെന്നൈക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ടീം സ്‌കോര്‍ 46ല്‍ എത്തിയപ്പോള്‍ മോറിസിന്റെ ബോളില്‍ മുഹമ്മദ് സിറാജ് പിടിച്ച് ഡുപ്ളെസി (13 പന്തില്‍ 25) പുറത്തായി. പകരം വന്ന അമ്പാട്ടി റായിഡു മികച്ച ഫോമില്‍ ആയിരുന്നു. സ്‌പാർക്ക് കുറവാണെന്ന് ധോണി പറഞ്ഞ യുവതാരങ്ങളില്‍ ഒരാളായ ഗെയ്‌ക്ക്‌വാദിനൊപ്പം റായിഡു ചേര്‍ന്നതോടെ ചെന്നൈ സുരക്ഷിതമായ റണ്‍ നിരക്കില്‍ മുന്നേറി.

12ആമത്തെ ഓവറിലെ അവസാന പന്ത് 100 മീറ്റര്‍ ദൂരത്തേക്ക് പറത്തിയ റായിഡു ചെന്നൈ സ്‌കോര്‍ 100 കടത്തി. ഗെയ്‌ക്ക്‌വാദ് കോപ്പി ബുക്ക് ശൈലിയില്‍ കളിച്ചപ്പോള്‍ ആക്രമണമായിരുന്നു റായിഡുവിന്റെ രീതി. ജയത്തിന് 33 റണ്‍സ് അകലെ വെച്ച് ചഹാല്‍ റായിഡുവിനെ ക്‌ളീന്‍ ബൗള്‍ഡാക്കി. പുറത്താകുമ്പോള്‍ 27 പന്തില്‍ നിന്ന് 2 സിക്‌സും മൂന്ന് ഫോറും അടക്കം റായിഡു 39 റണ്‍സ് നേടിയിരുന്നു.

Read Also: ടൊവിനോ-ആഷിഖ് അബു കൂട്ടുകെട്ട് വീണ്ടും; അന്നാ ബെന്‍ നായിക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE