ക്ളബ്ഫൂട്ട്; നേരത്തെ കണ്ടെത്തി ചികിൽസിച്ചാല്‍ ആശ്വാസമാകും- മുഖ്യമന്ത്രി

By News Bureau, Malabar News
club foot-conference
Ajwa Travels

തിരുവനന്തപുരം: ക്ളബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിൽസ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അത് ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാന ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്‍ട്ര കോണ്‍ഫറന്‍സ് ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു വര്‍ഷം 1000 കുട്ടികളെയെങ്കിലും ക്ളബ്ഫൂട്ട് ബാധിക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി നിലവിൽ 7 ക്ളബ്ഫൂട്ട് ക്ളിനിക്കുകളാണ് സര്‍ക്കാർ ആശുപത്രികളിലുള്ളതെന്നും പറഞ്ഞു. സംസ്‌ഥാനത്തെ ക്ളബ്ഫൂട്ട് വിമുക്‌തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് നീങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.

ആരോഗ്യ രംഗത്ത് കേരളം വലിയ തോതില്‍ നേട്ടങ്ങളുള്ള സംസ്‌ഥാനമാണ്. അതില്‍ പൊതുജനാരോഗ്യം ശക്‌തിപ്പെടുത്താനുള്ള നടപടികള്‍ തന്നെയാണ് പൊതുവില്‍ സ്വീകരിച്ചിട്ടുള്ളത്. ആര്‍ദ്രം മിഷന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെ വലിയ തോതിലാണ് മാറ്റം ഉണ്ടായത്. ഇതിന് പ്രത്യക്ഷ തെളിവാണ് കോവിഡ് മഹാമാരിയെ വിജയകരമായി നേരിടാനായത്.

ആരോഗ്യ സൂചികകള്‍ പരിശോധിച്ചാല്‍ ചില വികസിത രാഷ്‌ട്രങ്ങളോട് കിടപിടിക്കത്തക്ക അവസ്‌ഥയിലാണ് കേരളത്തിന്റെ ആരോഗ്യ മേഖല. അതേസമയം ആരോഗ്യ മേഖലയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതായുണ്ട്. അതിനായി വിവിധ മേഖകളില്‍ ആവശ്യമായ ഇടപെടല്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതിന്റെ പ്രത്യേക്ഷത്തിലുള്ള തെളിവ് കൂടിയാണ് ആര്‍ദ്രം മിഷന്‍ തുടരണം എന്ന് തിരുമാനിച്ചത്; മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ രംഗത്തുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം ജീവിത ശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ടാണെന്നും അത്തരം കാര്യങ്ങളില്‍ ഫലപ്രദമായ നടപടി സ്വീകരിച്ച് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ നില്‍ക്കെ നിലനില്‍ക്കുന്ന ഒരു പ്രശ്‌നമാണ് നവജാത ശിശുക്കളില്‍ കണ്ടുവരുന്ന തൂക്കക്കുറവെന്നും ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഒരു ക്യാംപയിന്‍ പരിപാടി കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്‌ഥാനത്ത് ആരംഭിച്ചിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് സുസ്‌ഥിര വികസന ലക്ഷ്യങ്ങളെ ആധാരമാക്കി നീതി ആയോഗ് പുറപ്പെടുവിച്ച ആരോഗ്യ സൂചികയില്‍ കേരളത്തിനാണ് ഒന്നാം സ്‌ഥാനമെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ഇത് ഒരുപാട് വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് നമുക്ക് നേടാന്‍ കഴിഞ്ഞതെന്നും കൂട്ടിച്ചേർത്തു.

ചടങ്ങിൽ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ക്ളബ്ഫൂട്ട് മൂലം ആര്‍ക്കും അംഗവൈകല്യം സംഭവിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്‌ട്ര കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.

വൈകല്യങ്ങള്‍ തടയുന്നതിനുള്ള വിവിധ നടപടികളാണ് സംസ്‌ഥാനം നടത്തി വരുന്നത്. നവജാത ശിശുക്കളില്‍ കാണപ്പെടുന്ന സാധാരണമായ വൈകല്യങ്ങളിലൊന്നാണ് ക്ളബ്ഫൂട്ട്. ഇത് കുട്ടിയുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. പ്രാരംഭ ഘട്ടത്തില്‍ ശരിയായ ഇടപെടലും ചികിൽസയും കൊണ്ട് കുട്ടിക്ക് സാധാരണ ജീവിത നിലവാരം കൈവരിക്കാനും കഴിയും; മന്ത്രി വ്യക്‌തമാക്കി.

കോൺഫറൻസിൽ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ, കേന്ദ്ര അഡീഷണല്‍ സെക്രട്ടറി വികാസ് ഷീല്‍, യൂണിസെഫ് ഇന്ത്യ ചീഫ് ഓഫ് ഹെല്‍ത്ത് ലൂഗി ഡി അക്വിനോ, എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്‌ടർ ഡോ. രത്തന്‍ ഖേല്‍ക്കര്‍ എന്നിവരും പങ്കെടുത്തു.

Most Read: നാഗാലാന്‍ഡ് സംഘർഷം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് അമിത് ഷാ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE