തിരുവനന്തപുരം: നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ സർക്കാരിന് വൻ തിരിച്ചടി. സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയ്‌ക്ക് പൊട്ടൽ ഇല്ലെന്ന് മെഡിക്കൽ റിപ്പോർട്. സംഘർഷത്തിൽ വനിതാ വാച്ച് ആൻഡ് വാർഡിന്റെ പരാതിയിൽ പ്രതിപക്ഷ എംഎൽഎമാർക്ക് എതിരെ പോലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തിരുന്നു.
എന്നാൽ, റിപ്പോർട് പുറത്തുവന്ന സാഹചര്യത്തിൽ ഡോക്‌ടർമാരുമായി സംസാരിച്ച ശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കിയേക്കുമെന്നാണ് സൂചന. അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പ്രതിഷേധത്തിനിടെ വനിതാ വാച്ച് ആൻഡ് വാർഡ് അംഗത്തിന്റെ കൈയ്‌ക്ക് പൊട്ടലുണ്ടായി എന്നായിരുന്നു ആരോപണം. വനിതാ വാച്ച് ആൻഡ് വാർഡുകളുടെ ഡിസ്‌ചാർജ് സമ്മറിയും റിപ്പോർട്ടുകളും ആശുപത്രി അധികൃതർ പോലീസിന് കൈമാറിയിട്ടുണ്ട്.
പോലീസ് ഉദ്യോഗസ്‌ഥർ ഡോക്‌ടർമാരുമായി സംസാരിക്കും. കൂടിയാലോചനകൾക്ക് ശേഷം എംഎൽഎമാർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം ജാമ്യം ലഭിക്കാവുന്ന വകുപ്പാക്കി മാറ്റാനാണ് സാധ്യത. എന്നാൽ, ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ തടഞ്ഞുവെച്ചതിനും കൃത്യ നിർവഹണം തടസപ്പെടുത്തിയതിനുമുള്ള ജാമ്യമില്ലാ വകുപ്പ് തുടരുകയും ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ, എംവി ഗോവിന്ദൻ ഉൾപ്പടെയുള്ളവർ വാച്ച് ആൻഡ് വാർഡിനെ ന്യായീകരിക്കുകയും അവരെ പ്രതിപക്ഷം അക്രമിച്ചുവെന്ന് ആരോപിക്കുകയും ചെയ്‌തിരുന്നു,
കൂടാതെ, വടകര എംഎൽഎ കെകെ രമയുടെ കൈയിലെ പരിക്ക് വ്യാജമാണെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം രമ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി കൈ പരിശോധിക്കുകയും ഡോക്‌ടർ ലിഗ്‌മെന്റിന് പ്രശ്‌നം ഉണ്ടെന്ന അറിയിക്കുകയും ചെയ്‌തിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്ന എക്‌സറേ രമയുടേത് അല്ലെന്നും ഡോക്‌ടർ സ്‌ഥിരീകരിച്ചിരുന്നു.
Most Read: ലൈഫ് മിഷൻ കോഴക്കേസ്; സന്തോഷ് ഈപ്പന്റെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിക്കും