തിരുവനന്തപുരം : സംസ്‌ഥാനത്ത് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ട് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം കോവിഡ് വാക്‌സിൻ സ്വീകരിച്ചതായി പരാതി. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് അഭിഭാഷകനായ ബോറിസ് പോൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് സംഭവത്തിൽ അന്വേഷണം നടത്താനായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി കൈമാറിയതായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടി ലഭിച്ചതായും അദ്ദേഹം വ്യക്‌തമാക്കി.
കോവിഡ് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിച്ച വിവരം ഇന്നലെയാണ് ഫേസ്ബുക്കിലൂടെ ചിന്ത അറിയിച്ചത്. ഇതിനെ തുടർന്ന് വലിയ വിമർശനങ്ങളാണ് നവമാദ്ധ്യമങ്ങളിൽ ചിന്തക്കെതിരെ ഉയരുന്നത്. നിലവിൽ 45 വയസിന് മുകളിലുള്ള ആളുകൾക്കാണ് വാക്‌സിൻ വിതരണം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ 45 വയസ് പൂർത്തിയാകാത്ത ചിന്ത വാക്‌സിൻ സ്വീകരിച്ചത് പിൻവാതിലിലൂടെ ആണെന്നാണ് ആക്ഷേപം ഉയരുന്നത്. എന്നാൽ കോവിഡ് സന്നദ്ധ പ്രവർത്തകയെന്ന നിലവിൽ മുൻഗണന പട്ടികയിൽ ഉൾപ്പെട്ടതിനാലാണ് ചിന്ത വാക്‌സിൻ സ്വീകരിച്ചതെന്നാണ് യുവജന കമ്മീഷൻ വ്യക്‌തമാക്കുന്നത്.
Read also : കാരുണ്യ കൈനീട്ടം; എസ്‌വൈഎസ് ഭക്ഷ്യകിറ്റ് വിതരണം നടത്തി