കോഴിക്കോട്: പരസ്‌പരം കൊണ്ടും കൊടുത്തും കഴിഞ്ഞിരുന്ന പാരമ്പര്യമാണ് നമ്മുടേതെന്നും ഐക്യത്തിലും ഒത്തൊരുമയിലും ജീവിക്കുന്ന നമുക്കിടയില്‍ വിദ്വേഷത്തിന്റെയും ചിദ്രതയുടെയും വിത്ത് പാകുന്നവരെ നാം തിരിച്ചറിയണമെന്നും എംകെ രാഘവന്‍ എംപി.
മാര്‍ച്ച് 25ന് വെള്ളിയാഴ്‌ച വൈകുന്നേരം കടലുണ്ടി സാദാത്തുക്കള്‍ മഖാം സിയാറത്തോടെ തുടക്കം കുറിച്ച കോര്‍ണിഷ് മുഹ്‌യിദ്ധീൻ മസ്‌ജിദിന്റെ സമര്‍പ്പണ സമ്മേളനത്തിലെ ഇന്നത്തെ പ്രധാന ആകർഷണം മത സൗഹാര്‍ദ്ദ സമ്മേളനമായിരുന്നു. അവരവരുടെ വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ നാനാത്വത്തിൽ ഏകത്വം സൂക്ഷിക്കാൻ സാധിക്കുമെന്ന് ഓർമപ്പെടുത്തിയ എംകെ രാഘവന്‍ എംപിയുടെയും സാഹിത്യകാരന്‍ പി സുരേന്ദ്രന്റെയും പ്രഭാഷണം ശ്രദ്ധേയമായി.
മതസൗഹാര്‍ദ്ദ സമ്മേളനം സയ്യിദ് അബ്‌ദുള്ള ഹബീബ് റഹ്‌മാൻ ബുഖാരിയുടെ അധ്യക്ഷതയിൽ എംകെ രാഘവന്‍ എംപി ഉൽഘാടനം നിർവഹിച്ചു. അവരവരുടെ വിശ്വാസത്തിൽ നിന്ന് കൊണ്ടുതന്നെ പരസ്‌പര സൗഹാർദ്ദവും സാമൂഹിക നൻമയും ഊട്ടിയുറപ്പിക്കുന്നതിന്റെ മഹത്വവും ആവശ്യകതയും ചടങ്ങിൽ സംസാരിച്ച കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും ഖാസിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ഉമര്‍ പാണ്ടികശാല, എം സുരേന്ദ്രനാഥ്, ഫാദര്‍ തോമസ്, ബാലകൃഷ്‌ണൻ മാസ്‌റ്റർ, രാജന്‍ മാസ്‌റ്റർ, ഡോ. ഉസ്‌മാൻ കുട്ടി, വി അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി തുടങ്ങിയവർ ചൂണ്ടികാണിച്ചു.
നാളെ ഞായറാഴ്‌ച രാവിലെ 7ന് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ നടക്കും. അബൂബക്കര്‍ സഖാഫി അരീക്കോട് നേതൃത്വം നല്‍കും. രാവിലെ 8ന് നടക്കുന്ന പൈതൃക സമ്മേളനം കേരള പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ഉൽഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ഡോ. ഹുസൈന്‍ രണ്ടത്താണി, സൂര്യ ഗഫൂര്‍ ഹാജി, നിയാസ് പുളിക്കലകത്ത് എന്നിവര്‍ പ്രസംഗിക്കും.
തിങ്കളാഴ്‌ച രാവിലെ 9ന് കേരള തുറമുഖം വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവില്‍ കോര്‍ണിഷ് ഓഡിറ്റോറിയം നാടിന് സമര്‍പ്പിക്കും. എന്‍വി ബാവ ഹാജി കടലുണ്ടി അധ്യക്ഷത വഹിക്കും. വൈകുന്നേരം 6ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാർ കോര്‍ണിഷ് മസ്‌ജിദ് വിശ്വാസികൾക്ക് സമര്‍പ്പിക്കും. സമസ്‌ത പ്രസിഡണ്ട് ഇസുലൈമാന്‍ മുസ്‌ലിയാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സമസ്‌ത സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിര്‍ മുസ്‌ലിയാർ, പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി എന്നിവര്‍ പ്രസംഗിക്കും.
Most Read: ഇമ്രാൻ ഖാന് എതിരായ അവിശ്വാസ പ്രമേയം ഏപ്രിൽ നാലിന്; പാകിസ്‌ഥാൻ മന്ത്രി