കോട്ടയം: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിലേക്ക്. ഈ മാസം 24ന് മുഖ്യമന്ത്രി പുതുപ്പള്ളിയിലെത്തും. അയർക്കുന്നം, പുതുപ്പള്ളി പഞ്ചായത്തുകളിലാണ് പ്രചാരണ പരിപാടികൾ. എൽഡിഎഫിന്റെ യോഗങ്ങളിലും പങ്കെടുക്കും. അതേസമയം, ആദ്യഘട്ട പ്രചാരണത്തിന് മന്ത്രിമാർ പങ്കെടുക്കുന്നില്ല. 31ന് ശേഷം രണ്ടാംഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തും.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ജെയ്‌ക് സി തോമസിനെ മൂന്നാം അങ്കത്തിന് ഇറക്കുകയാണ് സിപിഎം. പ്രചാരണ വേദിയിൽ ആർക്കെതിരെയും വ്യക്‌തിപരമായ ആക്രമണം വേണ്ടെന്നാണ് സിപിഎം നിലപാട്. പുതുപ്പള്ളിയിൽ രാഷ്‌ട്രീയം മാത്രം പറയും. വികസനം തടസപ്പെടുത്തുന്ന പ്രതിപക്ഷനയം ആയുധമാക്കണമെന്നും കേന്ദ്രത്തിന്റെ നയസമീപനങ്ങൾ ചർച്ചയാക്കണമെന്നുമാണ് സിപിഎമ്മിന്റെ തീരുമാനം.
എൽഡിഎഫ് സ്‌ഥാനാർഥി ജെയ്‌ക് സി തോമസ് 17ന് പത്രിക നൽകും. എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ 16ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉൽഘാടനം ചെയ്യും. അതേസമയം, ഇന്ന് പ്രവർത്തകർക്കൊപ്പം ഭവന സന്ദർശനത്തിന്റെ തിരക്കിലാണ് പുതുപ്പള്ളിയിലെ യുഡിഎഫ് സ്‌ഥാനാർഥി ചാണ്ടി ഉമ്മൻ. പള്ളിത്തർക്കം അടക്കം വിവാദ ചോദ്യങ്ങളിൽ നിന്ന് ചാണ്ടി ഉമ്മൻ ഒഴിഞ്ഞുമാറി.
Most Read| മഹാരാഷ്‌ട്രയിലെ താനെ ആശുപത്രിയിൽ കൂട്ടമരണം; 24 മണിക്കൂറിനിടെ മരിച്ചത് 18 പേർ