ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കെതിരെ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌ത് ബിജെപി. കേസിൽ രാഹുലിനും സിദ്ധരാമയ്യക്കും ശിവകുമാറിനും ബെംഗളൂരുവിലെ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചു. കോൺഗ്രസ് പ്രചാരണ ഗാനങ്ങളിലും വീഡിയോകളിലും ഉള്ളത് വ്യാജ ആരോപണങ്ങളാണെന്ന് ആരോപിച്ചാണ് ബിജെപി കേസ് ഫയൽ ചെയ്‌തത്.
ജൂലൈ 27നുള്ളിൽ സത്യവാങ്‌മൂലം നൽകുകയോ നേരിട്ട് ഹാജരാകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സമൻസ്. കോൺഗ്രസ് ഉയർത്തിയ ‘40 ശതമാനം കമ്മീഷൻ’ ആരോപണത്തിനെതിരെ ബിജെപി സംസ്‌ഥാന സെക്രട്ടറി എസ് കേശവ് പ്രസാദാണ് കേസ് ഫയൽ ചെയ്‌തത്. ബിജെപി സർക്കാർ 40 ശതമാനം കമ്മീഷൻ വാങ്ങുന്നുവെന്നും 1.5 ലക്ഷം കോടി രൂപ നാല് വർഷം കൊണ്ട് അഴിമതിയിലൂടെ കൈക്കലാക്കിയെന്നും മെയ് അഞ്ചിന് കോൺഗ്രസ് പത്രത്തിൽ നൽകിയ പരസ്യത്തിൽ ആരോപിച്ചിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിലാണ് മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്. കർണാടകയിൽ നടത്തിയ പ്രസംഗത്തിനിടെ ‘മോദി’ പരാമർശവുമായി ശിക്ഷിക്കപ്പെട്ടതോടെ രാഹുൽ ഗാന്ധിക്ക് എംപി സ്‌ഥാനം നഷ്‌ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും മാനനഷ്‌ടക്കേസിൽ സമൻസ് ലഭിച്ചത്.
Most Read: 71ആം വയസിൽ ബിരുദം നേടി ആർതർ റോസ്; പൂർത്തിയാക്കിയത് 54 വർഷം കൊണ്ട്