കോട്ടയം: വിദ്യാർഥിനി നിഥിനയെ കൊലപ്പെടുത്താൻ പ്രതി അഭിഷേഖ് പുതിയ ബ്‌ളേഡ് വാങ്ങിയതായി മൊഴി. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്‌ളേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഒരാഴ്‌ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്‌ളേഡ് വാങ്ങിയത് എന്നാണ് പ്രതിയുടെ മൊഴി. ബ്‌ളേഡ് വാങ്ങിയ കടയിൽ അടക്കം പോലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഇന്ന് പാലാ സെന്റ് തോമസ് കോളേജിലും എത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം.
പ്രണയം നിരസിച്ചതോടെ പെൺകുട്ടിയുടെ അമ്മക്കും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നു എന്നാണ് റിപ്പോർട്. പ്രതി അഭിഷേഖിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒരു ദിവസത്തേക്ക് പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങാൻ തീരുമാനിച്ചതായി പോലീസ് അറിയിച്ചു.
അതേസമയം, നിഥിനയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടപടികള്‍ നടക്കുക. പാലാ മരിയൻ മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിക്കും. 10 മണിയോടെ പോസ്‌റ്റുമോർട്ടം നടപടികൾ ആരംഭിക്കും.
പോസ്‌റ്റുമോർട്ടം നടപടികള്‍ പൂര്‍ണമായി ക്യാമറയില്‍ ചിത്രീകരിക്കും. തുടര്‍ന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്ന മൃതദേഹം തലയോലപ്പറമ്പിലെ വീട്ടില്‍ ഒരു മണിക്കൂർ പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിക്കും. ഉച്ചയോടെ വൈക്കം തുറുവേലിക്കുന്നിലെ ബന്ധുവീട്ടിലാണ് സംസ്‌കാരം.
വെള്ളിയാഴ്‌ച രാവിലെ 11.30ഓടെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവമുണ്ടായത്. പരീക്ഷ എഴുതാൻ എത്തിയ നിഥിനയെ വള്ളിച്ചിറ സ്വദേശി അഭിഷേഖ് ആക്രമിക്കുകയായിരുന്നു. പേപ്പർ കട്ടർ ഉപയോഗിച്ചാണ് പ്രതി നിഥിനയുടെ കഴുത്തറുത്തത്. ഗുരുതരമായി മുറിവേറ്റ് രക്‌തം വാർന്ന നിലയിൽ കിടന്ന നിഥിനയെ കോളേജ് അധികൃതർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. കൊലപാതകം നടന്ന സമയം സമീപത്തുണ്ടായിരുന്നവരാണ് അഭിഷേഖിനെ പിടികൂടി പോലീസിൽ ഏൽപിച്ചത്.
Most Read: മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോയെന്ന് സംശയം; പാലാ ബിഷപ്പ്