പാലക്കാട്: പന്നിയങ്കര ടോൾ പ്‌ളാസയിൽ നാളെ മുതൽ പ്രത്യക്ഷ സമരത്തിന് ബസുടമകൾ. ടോൾ പ്‌ളാസ വഴി സർവീസ് നടത്തില്ലെന്ന ഉറച്ച നിലപാടിലാണ് സ്വകാര്യ ബസുടമകൾ. അതേസമയം, ടോൾ പിരിക്കുമെന്ന് കരാർ കമ്പനി ആവർത്തിച്ചു.
രാവിലെ 10.30ഓടെ ഇവിടെ സ്വകാര്യ ബസുകൾക്ക് ടോൾ പിരിക്കാൻ തുടങ്ങിയിരുന്നു. ഇതോടെ ട്രാക്കിൽ ബസുകൾ നിർത്തിയിട്ട് സ്വകാര്യ ബസുടമകൾ പ്രതിഷേധിച്ചു. തുടർന്ന് പോലീസുമായി ചർച്ച നടത്തുകയും ഉച്ചക്ക് 12 മണി വരെ ഇതുവഴി ബസുകൾ കടത്തിവിടാമെന്ന് കരാറുകാർ അറിയിക്കുകയും ചെയ്‌തു. ഇതിന് ശേഷം ടോൾ നിർബന്ധമായും നൽകണമെന്നും ടോൾ പ്‌ളാസ അധികൃതർ അറിയിച്ചു.
മാസം 50 ട്രിപ്പുകൾക്ക് 10000 രൂപ വരെ സ്വകാര്യ ബസുകൾ ടോൾ നൽകേണ്ടി വരുന്നുണ്ട്. ഒരു തവണ ടോൾ കടക്കുന്നതിന് 315 രൂപയാണ് ഈടാക്കുന്നത്. ഡീസൽ വില വർധനയടക്കമുള്ള പ്രതിസന്ധിക്കിടെ ഇത്രയും വലിയ തുക നൽകാനാകില്ലെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. നാളെ ആലത്തൂർ ഡിവൈഎസ്‌പിയുമായി ചർച്ച നടത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബസുടമകൾ അറിയിച്ചു.
Most Read: നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതിയിൽ