തിരുവനന്തപുരം: മഴക്കാല രോഗങ്ങളെ കണക്കിലെടുത്ത് സംസ്‌ഥാനത്തെ ആശുപത്രികളിൽ കൂടുതൽ സജ്‌ജീകരണങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി വീണാ ജോർജ്. നാളെ മുതൽ സംസ്‌ഥാനത്തെ താലൂക്ക് ആശുപത്രികളിൽ പനി ക്ളിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടുതൽ പനി വാർഡുകളും ആരംഭിക്കും. ഇന്നും നാളെയുമായി മരുന്നുകളുടെ സ്‌റ്റോക്ക് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസർമാർക്കാണ് ഇതിന്റെ ചുമതല. പനി ബാധിച്ചാൽ സ്വയം ചികിൽസ പാടില്ലെന്നും, ഏത് പനിയും പകർച്ചവ്യാധി ആകാൻ സാധ്യതയുള്ളതിനാൽ ഡോക്‌ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർഥിച്ചു. വേനൽ മഴയെ തുടർന്ന് സംസ്‌ഥാനത്ത് വിവിധയിടങ്ങളിലായി ഡെങ്കിപ്പനി വ്യാപനത്തിൽ നേരിയ വർധനവ് ഉണ്ടായിട്ടുണ്ട്. അതിനാൽ കൂടുതൽ ശ്രദ്ധിക്കണം.
മറ്റു കൊതുക് ജന്യ രോഗങ്ങളും വർധിക്കുന്നതായി ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. മഴക്കാലം കൂടി ആയാൽ ഇവ പതിൻമടങ്ങ് വർധിക്കും. അതിനാൽ, ഡെങ്കിപ്പനി, എലിപ്പനി, സിക്ക, ചിക്കുൻഗുനിയ, കോളറ, ഷിഗല്ല, എച്ച്1എൻ1 എന്നിവക്കെതിരെ ശ്രദ്ധവേണം. നിലവിലെ ചികിൽസാ പ്രോട്ടോകോൾ പാലിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശം നൽകി.
പ്രളയാനുബന്ധ പ്രശ്‌നങ്ങൾ പ്രതിരോധിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്. അവശ്യ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വേണ്ടത്ര ശേഖരിച്ചു വെക്കാനും നിർദ്ദേശം നൽകി. മഴക്കാലപൂർവ ശുചീകണം ശക്‌തമാക്കണം. തദ്ദേശ സ്‌ഥാപനങ്ങളും റവന്യൂ വകുപ്പിന്റെയും പങ്കാളിത്തം ഇതിന് ഉണ്ടാവണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യം ഉണ്ടാവരുത്, കൊതുകിന്റെ ഉറവിട നശീകരണം നടത്തണം. നിപ വൈറസ് പ്രതിരോധം ജില്ലകളിൽ ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി.
Most Read: കണ്ണൂരിൽ ട്രെയിനിന് തീപിടിച്ചു; അട്ടിമറി സംശയിക്കുന്നതായി റെയിൽവേ