തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനുള്ള ലേണേഴ്‌സ് പരീക്ഷയിൽ അടിമുടി മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരം എഴുതിയാൽ പരീക്ഷ പാസാകുമായിരുന്നു. ഇനി ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30 ആക്കി ഉയർത്തും. 30ൽ 25 എണ്ണത്തിനും ശരിയുത്തരം എഴുതിയാൽ മാത്രമേ ലേണേഴ്‌സ് പരീക്ഷ പാസാവുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
ഒരു ദിവസം ഒരു ഓഫീസിൽ നിന്ന് 20ലധികം ലൈസൻസ് അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്‌തമാക്കി ഉടൻ ഉത്തരവ് പുറപ്പെടുവിക്കും. വാഹനം ഓടിക്കുക മാത്രമല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ശുപാർശ കൊണ്ടുവന്നാൽ ലൈസൻസ് നൽകില്ല. ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരുത്തുമെന്നും എല്ലാ കാര്യങ്ങളും ക്യാമറയിൽ പകർത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌ഥാനത്ത് നാലര ലക്ഷം ലൈസൻസും ആർസി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ലൈസൻസ് കൊടുക്കുന്ന നടപടി കർശനമാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ലൈസൻസിനായുള്ള പ്രായോഗിക പരീക്ഷയിൽ എച്ച് എടുത്തിട്ട് മാത്രം കാര്യമില്ല. വണ്ടി റിവേഴ്‌സ് എടുക്കണം. പാർക്ക് ചെയ്യണം, റിവേഴ്‌സ് എടുത്ത് പാർക്ക് ചെയ്‌ത് കാണിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.
Most Read| വീണയുടെ കമ്പനിയുടെ പ്രവർത്തനം ദുരൂഹം; കേന്ദ്ര അന്വേഷണത്തിൽ പ്രതീക്ഷയെന്ന് മാത്യു കുഴൽനാടൻ