തിരുവനന്തപുരം: പ്രമുഖ സാമ്പത്തിക വിദഗ്‌ധനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമനെ(74) മരിച്ച നിലയിൽ കണ്ടെത്തി. ശ്രീകാര്യത്തെ വീട്ടിലാണ് കുഞ്ഞാമനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സുഹൃത്തുക്കൾ ഫോൺ വിളിച്ചപ്പോൾ പ്രതികരണം ഇല്ലാത്തതിനെ തുടർന്ന് ഇന്ന് വൈകിട്ട് വീട്ടിലെത്തി പിൻവശത്ത് പോയി നോക്കിയപ്പോഴാണ് ഊണുമുറിയിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടത്.
വീട് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഭാര്യ ചികിൽസയുമായി ബന്ധപ്പെട്ടു മലപ്പുറത്ത് ആയതിനാൽ കുഞ്ഞാമൻ വീട്ടിൽ ഒറ്റക്കായിരുന്നു. ജീവിതത്തിലുടനീളം ജാതിവിവേചനത്തിന് എതിരെ പോരാടിയ വ്യക്‌തിത്വമാണ് കുഞ്ഞാമൻ. നേരിട്ട ജാതിവിവേചനങ്ങൾ പ്രതിബാധിക്കുന്ന ‘എതിർ’ എന്ന ആത്‌മകഥയ്‌ക്ക് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചെങ്കിലും അദ്ദേഹം നിരസിച്ചിരുന്നു. കേരള സർവകലാശാലയിൽ സാമ്പത്തിക വിഭാഗത്തിൽ അധ്യാപകനായിരുന്നു.
യുജിസി അംഗമായും സേവനം അനുഷ്‌ഠിച്ചു. കേരള സർവകലാശാലയിൽ നിന്ന് 2006ൽ രാജിവെച്ചു മഹാരാഷ്‌ട്രയിലെ ടാറ്റ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ അധ്യാപകനായി. പാലക്കാട് പട്ടാമ്പി വാടാനാംകുറിശ്ശിയാണ് സ്വദേശം. 1974ൽ കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെയാണ് എംഎ പാസായത്. രാഷ്‌ട്രപതിയായിരുന്ന കെആർ നാരായണന് ശേഷം ഒന്നാം റാങ്ക് നേടുന്ന ആദ്യ ദളിത് വിദ്യാർഥിയാണ് കുഞ്ഞാമൻ.
തുടർന്ന് തിരുവനന്തപുരത്തെ സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്‌റ്റഡീസിൽ ഡോ. കെഎൻ രാജിന് കീഴിൽ ഗവേഷണവും നടത്തിയിരുന്നു. അതേസമയം, കുഞ്ഞാമന്റെ വീട്ടിൽ നിന്ന് പോലീസ് കുറിപ്പ് കണ്ടെത്തി. താൻ ഈ ലോകത്ത് നിന്ന് പോകുന്നു എന്നായിരുന്നു കുറിപ്പിലെ വരികളെന്ന് പോലീസ് പറയുന്നു. ഇന്നലത്തെ തീയതിയിലാണ് കുറിപ്പുള്ളതെന്നും പോലീസ് അറിയിച്ചു. കുഞ്ഞാമന്റെ വീടിന്റെ മുൻവശത്തെ മുറിയിൽ ടേബിളിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. ഏറെ നാളായി ആലോചിക്കുന്ന തീരുമാനമാണെന്നും മറ്റാരും ഉത്തരവാദിയല്ലെന്നും കുറിപ്പിലുണ്ട്. കുഞ്ഞാമന്റെ വീട്ടിൽ പോലീസ് പരിശോധന തുടരുകയാണ്.
Most Read| ഐതിഹാസിക വിജയം; വോട്ടർമാർക്ക് നന്ദി, ഉത്തരവാദിത്തം കൂടിയെന്ന് പ്രധാനമന്ത്രി