തിരുവനന്തപുരം: പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സജിത്(46) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തിന് ചികിൽസയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം വൈകിട്ട് മൂന്നിന് തൈക്കാട് ശാന്തികവാടത്തിൽ നടക്കും.
മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളിൽ പാടിയിട്ടുണ്ട്. എആർ റഹ്‌മാന്റെ സംഗീത സംവിധാനത്തിൽ ഉള്ള ‘മിസ്‌റ്റർ റോമിയോയിൽ’ പാടിയ ‘തണ്ണീരൈ കാതലിക്കും’ എന്ന ഗാനം വൻ ഹിറ്റായിരുന്നു. ‘എന്ന് സ്വന്തം ജാനകിക്കുട്ടി’ എന്ന ചിത്രത്തിലെ ‘അമ്പിളിപ്പൂവട്ടം പൊന്നുരുളി’ എന്ന ഗാനത്തിലൂടെയാണ് സംഗീത മലയാളിക്ക് പ്രിയങ്കരിയാകുന്നത്.
പിന്നീട് ‘പഴശ്ശിരാജ’യിലെ ‘ഓടത്തണ്ടിൽ താളം കൊട്ടും’, ‘രാക്കിളിപ്പാട്ടി’ലെ ‘ധും ധും ധും ദൂരയേതോ’, കാക്കകുയിലിലെ ‘ആലാരെ ഗോവിന്ദ’, അയ്യപ്പനും കോശിയിലെ ‘താളം പോയി തപ്പും പോയി’ തുടങ്ങിയവയും കയ്യടി നേടി. കുരുതി സിനിമയുടെ തീം സോങ്ങാണ് സംഗീത മലയാളത്തിൽ അവസാനമായി പാടിയത്.
Most Read: എല്ലാ ജില്ലകളിലും അടുത്ത മണിക്കൂറുകളിൽ മഴ; ജാഗ്രതാ മുന്നറിയിപ്പ്