തിരുവനന്തപുരം: സൈന്യത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നുവെന്ന് പരാതി ഉയർന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ സൈനിക വിഭാഗം.
ഇരുചക്ര വാഹനങ്ങൾ, നാലുചക്ര വാഹനങ്ങൾ എന്നിവ വിൽക്കാനെന്ന വ്യാജേന സൈനിക വേഷത്തിൽ ഓൺലൈൻ തട്ടിപ്പുകൾ നടത്തുന്ന കേസുകൾ പല ഭാഗത്തുനിന്നും റിപ്പോർട് ചെയ്യപ്പെടുന്നുണ്ട്. സൈന്യത്തിന്റെതിന് സമാനമായ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് പട്ടാളക്കാരായി വേഷമിട്ട് സാധാരണക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുക്കുക എന്നതാണ് തട്ടിപ്പുകാരുടെ രീതി.
ഇത്തരം വഞ്ചനാപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങൾ ബോധവാൻമാരാകുകയും ഇത്തരം സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ ജാഗ്രത പുലർത്തുകയും ചെയ്യണമെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
കോവിഡ് പ്രതിസന്ധിയിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെയാണ് തട്ടിപ്പുകാർ കൂടുതലായും ലക്ഷ്യമിടുന്നത്. നേരത്തെ ഡിജിപിയുടെ പേരിലും തട്ടിപ്പ് നടന്നിരുന്നു. കൊല്ലം ജില്ലയിലെ ഒരു അധ്യാപികയാണ് തട്ടിപ്പിനിരയായത്. ഡിജിപി അനിൽകാന്തിന്റെ പേരിൽ വ്യാജ വാട്‍സ്‌ആപ്പ് അക്കൗണ്ട് സൃഷ്‌ടിച്ച് ഇവർക്ക് ലോട്ടറി അടിച്ചെന്നും പണം കൈപ്പറ്റണമെങ്കിൽ നികുതിയിനത്തിൽ ഒരു തുക അടക്കണമെന്നും സന്ദേശം അയച്ചായിരുന്നു തട്ടിപ്പ്.
14 ലക്ഷം രൂപയാണ് അധ്യാപികയിൽ നിന്ന് തട്ടിയെടുത്തത്. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് നടത്തിയ നൈജീരിയൻ സ്വദേശി പിടിയിലാവുകയും ചെയ്‌തിരുന്നു.
Most Read: ഭക്ഷണ ഡെലിവറിയുടെ മറവിൽ ലഹരി വിൽപന; യുവാവ് അറസ്‌റ്റിൽ