തിരക്കേറിയ ദൈനംദിന ജീവിതത്തിനിടയിൽ പലർക്കും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ സാധിക്കാറില്ല. ഇത് പിന്നീട് വലിയ പ്രശ്‌നങ്ങൾക്ക് വഴിവെക്കും. കണ്ണിന്റെ ആരോഗ്യം സൂക്ഷിക്കേണ്ടുന്നതും അത്യന്താപേക്ഷിതമാണ്.
സ്‌മാർട്ട് ഫോൺ ഉപയോഗവും കമ്പ്യൂട്ടർ ജോലികളും കൂടി വരുന്ന ഇക്കാലത്ത് കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. നേത്ര സംരക്ഷണത്തിന് ആരോഗ്യ പൂർണമായ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. കണ്ണിന് അസുഖങ്ങൾ വരാതിരിക്കാനും വൈറ്റമിൻ, മിനറൽസ്, ന്യൂട്രിയൻസ് ഇവയെല്ലാം അടങ്ങിയ ഭക്ഷണം കഴിക്കണം.
നമ്മുടെ കാഴ്‌ചശക്‌തി വർധിപ്പിക്കാൻ ചില പോഷകങ്ങൾ പ്രധാനമാണ്. ല്യൂട്ടിൻ, സിയാക്‌സാന്തിൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സിങ്ക്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഒമേഗ-3 ഫാറ്റി ആസിഡ് എന്നിവയാണ് അതിൽ പ്രധാനം.
കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് കഴിക്കേണ്ട ചില പ്രധാന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം:
മുട്ട
കണ്ണിനെ സംരക്ഷിക്കുന്ന ഒരു ഭക്ഷണമാണ് മുട്ട. ഇതിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ, സിങ്ക് തുടങ്ങിയവ കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. മുട്ടയിലെ ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും.
ബദാം
കണ്ണിന്റെ ആരോഗ്യത്തിന് ബദാമും വളരെ ഉത്തമമാണ്. ബദാമിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും.
പാലും തൈരും
കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ഒഴിച്ചു കൂടാനാവാത്ത ഭക്ഷണങ്ങളാണ് പാലും തൈരും. ഇവയിൽ വിറ്റാമിൻ എ യും മിനറൽ സിങ്കും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ കോർണിയയുടെ ആരോഗ്യം സംരക്ഷിക്കും.
മൽസ്യം
കണ്ണിന്റെ ആരോഗ്യത്തിന് മൽസ്യം വളരെ ഉത്തമമാണ്. പ്രത്യേകിച്ച മത്തി, ചാള പോലുള്ള ചെറു മൽസ്യങ്ങൾ. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡ്സ് അടങ്ങിയിട്ടുണ്ട്. ഇവ കാഴ്‌ചശക്‌തി കൂട്ടാനും റെറ്റിനയുടെ ആരോഗ്യം കൂട്ടാനും സഹായിക്കും.
ഓറഞ്ച്
ഓറഞ്ചിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ്. ഓറഞ്ച് കണ്ണുകളുടെ കോശജ്വലന അവസ്‌ഥകളെ ചെറുക്കാൻ കൂടുതൽ സഹായിക്കുന്നു. മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിനൊപ്പം, വിറ്റാമിൻ സി തിമിരം വരാനുള്ള സാധ്യതയും കുറക്കുന്നു.
കാരറ്റ്
ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുള്ള ഒന്നാണ് കാരറ്റ്. ബീറ്റാ കരോട്ടിൻ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ് എന്നതിനാൽ തന്നെ ഇത് ശീലമാക്കാം.
Most Read: സംയുക്‌ത മേനോന്റെ ‘എരിഡ’ പ്രൈമിൽ; റിലീസ് 28ന്