കാലിഫോർണിയ: ഫേസ്ബുക്കിന്റെ സുരക്ഷാ വീഴ്‌ചകളെക്കുറിച്ച് സുപ്രധാനരേഖകൾ ചോർത്തി പുറംലോകത്തെ അറിയിച്ച മുൻജീവനക്കാരി ഒടുവിൽ മറനീക്കി പുറത്തുവന്നു. കമ്പനിയിലെ വീഴ്‌ചകൾ ചൂണ്ടിക്കാട്ടുന്ന വിസിൽ ബ്ളോവർ പദവിയിലിരുന്ന ഫ്രാൻസെസ് ഹോഗൻ എന്ന 37കാരിയാണ് അമേരിക്കൻ ചാനലായ സിബിഎസിന് നൽകിയ അഭിമുഖത്തിലൂടെ സ്വയം വെളിപ്പെടുത്തിയത്.
ഫേസ്ബുക്കിനെ പിടിച്ചുകുലുക്കിയ ഫ്രാൻസെസിന്റെ വെളിപ്പെടുത്തലുകൾ അമേരിക്കയിൽ കമ്പനിക്കെതിരെ നിയമനടപടികളിൽ വരെ കൊണ്ടെത്തിച്ചിരിക്കുകയാണ്. വാൾസ്ട്രീറ്റ് ജേണലിലൂടെയായിരുന്നു ഫ്രാൻസെസ് വിവാദ വിവരങ്ങൾ പുറത്തുവിട്ടത്. കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഈ വർഷം ആദ്യം അവർ കമ്പനി വിട്ടിരുന്നു.
ഫേസ്ബുക്കിന് ഉപഭോക്‌താക്കളുടെ സുരക്ഷയേക്കാൾ പ്രധാനം വളർച്ചയാണെന്നത് രേഖകളിൽ വ്യക്‌തമാണെന്ന് ഫ്രാൻസെസ് പറയുന്നു. സെലിബ്രിറ്റികൾക്കും രാഷ്‌ട്രീയക്കാർക്കും മറ്റ് ഉന്നതർക്കും കമ്പനി പ്രത്യേക പരിഗണന നൽകുന്നു. എന്നാൽ സാധാരണ ഉപഭോക്‌താക്കളുടെ സുരക്ഷാ കമ്പനിക്ക് വിഷയമല്ല.
സുരക്ഷ വർധിപ്പിക്കുന്നതിനേക്കാൾ കൂടുതൽ പണമുണ്ടാക്കാനാണ് കമ്പനിയുടെ ശ്രമം. യുഎസ് തിരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരങ്ങൾ പ്രചരിക്കാതിരിക്കാൻ കമ്പനി സുരക്ഷ ശക്‌തമാക്കിയിരുന്നു. പക്ഷേ, അത് താൽക്കാലികം മാത്രമായിരുന്നു. ജനാധിപത്യത്തെ ചതിക്കുകയാണ് കമ്പനി ചെയ്‌തതെന്നും അവർ ആരോപിച്ചു.
Read Also: അസം അതിക്രമം നിയമപരമായി നേരിടും; അഭിഭാഷകന്‍ സഞ്‌ജയ് ഹെഗ്‌ഡേ