ആലത്തൂരിൽ നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; നിർണായകമായത് ഫേസ്‌ബുക്ക്‌

By News Desk, Malabar News
Alathur surya krishna
Ajwa Travels

പാലക്കാട്: ആലത്തൂരിൽ നിന്ന് മൂന്ന് മാസം മുൻപ് കാണാതായ കോളേജ് വിദ്യാർഥിനി സൂര്യ കൃഷ്‌ണയെ (21) കണ്ടെത്തി. പോലീസ് സംഘം മുംബൈയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ആലത്തൂരിൽ എത്തിച്ച പെൺകുട്ടി നിലവിൽ ഡിവൈഎസ്‌പി ഓഫിസിലാണുള്ളത്.

2021 ഓഗസ്‌റ്റ്‌ 30ആം തീയതിയാണ് സൂര്യയെ കാണാതായത്. പുസ്‌തകം വാങ്ങാനായി ടൗണിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ആലത്തൂരിലെ വീട്ടിൽ നിന്ന് സൂര്യ ഇറങ്ങിയത്. പിന്നീട് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഒരു ബാഗിൽ രണ്ട് ജോഡി വസ്‌ത്രങ്ങളുമായാണ് സൂര്യ വീടുവിട്ടിറങ്ങിയത്. മൊബൈൽ ഫോണോ എടിഎം കാർഡോ പണമോ ആഭരണങ്ങളോ കയ്യിൽ ഉണ്ടായിരുന്നില്ല.

വീട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല. ഇതിനിടെ സൂര്യ വീടിന് സമീപത്തെ വഴിയിലൂടെ പെൺകുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിരുന്നു. മകൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു സൂര്യയുടെ മാതാപിതാക്കൾ. ഒടുവിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് മുംബൈയിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്.

ആലത്തൂരിൽ നിന്ന് വീടുവിട്ടിറങ്ങിയ സൂര്യ പാലക്കാട് നിന്ന് ട്രെയിൻ മാർഗം കോയമ്പത്തൂർ വഴിയാണ് മുംബൈയിലേക്ക് പോയതെന്ന് ആലത്തൂർ എസ്‌എച്ച്‌ഒ റിയാസ് ചാക്കീരി പറഞ്ഞു. ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ഒരാൾ വഴി മുംബൈയിലെ ഒരു തമിഴ് കുടുംബത്തിനൊപ്പം സൂര്യ താമസം ആരംഭിക്കുകയും ചെയ്‌തിരുന്നു. അനാഥയാണെന്നാണ് സൂര്യ ഇവരോട് പറഞ്ഞിരുന്നത്. തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ ഹോസ്‌റ്റലുകളിൽ താമസം ശരിയാക്കാൻ കഴിയാഞ്ഞതിനാൽ തമിഴ് കുടുംബത്തിനൊപ്പം തന്നെ താമസം തുടരുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഈ കുടുംബത്തോടൊപ്പം സുരക്ഷിതമായി താമസിച്ചുവരികയായിരുന്നു എന്നും പോലീസ് പറഞ്ഞു.

സൂര്യയ്‌ക്ക് മൊബൈൽ ഫോൺ ഇല്ലാത്തത് അന്വേഷണ സംഘത്തിന് വെല്ലുവിളിയായിരുന്നു. എന്നാൽ, പെൺകുട്ടിയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടുകൾ സൈബർ സെൽ നിരീക്ഷണത്തിൽ ആയിരുന്നു. പക്ഷേ മൂന്ന് മാസത്തോളം സൂര്യ സമൂഹ മാദ്ധ്യമങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല. എന്നാൽ, അടുത്തിടെ ഫേസ്‌ബുക്ക്‌ അക്കൗണ്ട് ലോഗിൻ ചെയ്യാൻ ശ്രമിച്ചതാണ് കേസിൽ നിർണായകമായത്.

ലോഗിൻ ചെയ്യാൻ ശ്രമിച്ച ഐപി അഡ്രസും ലൊക്കേഷനും സൈബർ സെൽ കണ്ടെത്തിയിരുന്നു. ഈ വിവരം ആലത്തൂർ പോലീസിന് ഉടൻ തന്നെ കൈമാറി. തുടർന്ന് ആലത്തൂരിൽ നിന്നുള്ള പോലീസ് സംഘം മുംബൈയിൽ എത്തി പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ കൂടെ താമസിപ്പിച്ചിരുന്ന കുടുംബം യാഥാർഥ്യങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. അനാഥയാണെന്ന് കരുതിയാണ് ഇവർ പെൺകുട്ടിയെ കൂടെ താമസിപ്പിച്ചതെന്നും ഇവർ പറഞ്ഞു.

Also Read: സൈജുവിനൊപ്പം ഡിജെ പാർട്ടി; 17 പേർക്കെതിരെ കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE