ഗോവയും ഉത്തരാഖണ്ഡും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

By Desk Reporter, Malabar News
Goa-and-Uttarakhand-go-to-the-polls-today
Ajwa Travels

ന്യൂഡെൽഹി: ഗോവയിലും ഉത്തരാഖണ്ഡിലും ഇന്ന് വോട്ടെടുപ്പ്. ഗോവയിൽ 40 നിയോജക മണ്ഡലങ്ങളിലും ഒന്നിച്ചാണ് പോളിംഗ് നടക്കുന്നത്. 301 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെടുപ്പ് ദിവസം ഏർപ്പെടുത്തിയിട്ടുള്ളത്.

അഭിപ്രായ സർവേകൾ ബിജെപിക്ക് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്നാണ് അവസാന ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന. വോട്ടിംഗ് ശതമാനത്തില്‍ ചെറിയ വ്യത്യാസം മാത്രമേ വരാനിടയുള്ളൂ. സീറ്റിന്റെ കാര്യത്തിലും നാലോ അഞ്ചോ എണ്ണത്തിന്റെ മാറ്റം വന്നേക്കാം.

എന്നാൽ, തൃണമൂല്‍ കോൺഗ്രസും ആം ആദ്‌മി പാര്‍ട്ടിയും ആരുടെ വോട്ട് ബാങ്കിലാണ് ചോര്‍ച്ചയുണ്ടാക്കുക എന്നതിനെ ആശ്രയിച്ചാകും ഗോവയിലെ അന്തിമ വിധി. പതിവുപോലെ പ്രാദേശിക പാർട്ടികളും ജാതിസമവാക്യങ്ങളും ഇത്തവണയും നിർണായകമായിരിക്കും.

തീരദേശത്ത് ബിജെപിയെ ശക്‌തമാക്കിയ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മരണത്തിന് ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പാണ് ഗോവ നേരിടുന്നത്. തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിൽ പനാജി നിയമസഭാ സീറ്റിന് അതിന്റേതായ പ്രാധാന്യമുണ്ട്. പനാജിയെ പ്രതിനിധീകരിച്ച മുൻ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹർ പരീക്കർ മൂന്ന് തവണ സംസ്‌ഥാന മുഖ്യമന്ത്രിയായിരുന്നു. മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കറും ബിജെപിക്കെതിരെ പിതാവിന്റെ പനാജി മണ്ഡലത്തിൽ സ്വതന്ത്ര സ്‌ഥാനാർഥിയായി മൽസരിക്കുന്നുണ്ട്. പനാജിയിൽ നിന്ന് ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ഉത്പൽ പരീക്കർ ബിജെപിയിൽ നിന്ന് രാജിവെച്ചിരുന്നു.

അതേസമയം, ഉത്തരാഖണ്ഡിൽ 13 ജില്ലകളിലെ 70 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 81 ലക്ഷം വോട്ടർമാർ ഇന്ന് 632 സ്‌ഥാനാർഥികളുടെ വിധി എഴുതും. 2000ൽ സംസ്‌ഥാനം രൂപീകൃതമായതിന് ശേഷമുള്ള അഞ്ചാമത്തെ നിയമസഭാ തിരഞ്ഞെടുപ്പാണിത്. രാവിലെ എട്ട് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്‌ചയാണ്‌ സംസ്‌ഥാനത്ത് പരസ്യ പ്രചാരണം അവസാനിച്ചത്.

കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിലും ബിജെപി, കോൺഗ്രസ്, ആം ആദ്‌മി പാർട്ടി, സമാജ്‌വാദി പാർട്ടി എന്നിവർ വാശിയേറിയ പ്രചാരണമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ഗോപാൽ റായ്, ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി തുടങ്ങിയ നേതാക്കൾ പ്രചാരണ രംഗത്ത് നിറഞ്ഞു നിന്നു.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോട് പരാജയപ്പെട്ട കോൺഗ്രസ് തങ്ങളുടെ തട്ടകം തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉത്തരാഖണ്ഡിൽ ആകെയുള്ള 70 സീറ്റുകളിൽ 57ഉം ബിജെപി നേടിയപ്പോൾ കോൺഗ്രസിന് 11 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. രണ്ട് സീറ്റുകൾ സ്വതന്ത്രർ നേടി. ഇത്തവണ ആം ആദ്‌മി പാർട്ടിയും (എഎപി) സംസ്‌ഥാനത്തെ 70 നിയമസഭാ മണ്ഡലങ്ങളിലും സ്‌ഥാനാർഥികളെ നിർത്തുന്നുണ്ട്.

Most Read:  ഗവർണർമാരുടെ അധികാര ദുർവിനിയോഗം; ചർച്ചക്കൊരുങ്ങി പ്രതിപക്ഷ മുഖ്യമന്ത്രിമാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE