പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണത്തിൽ സർക്കാർ ഇടപെടൽ അനിവാര്യമെന്ന് റിപ്പോർട്. ഇതിനായി വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ സർക്കാർ നോഡൽ ഓഫിസറെ നിയമിക്കണമെന്ന് റിപ്പോർട് ശുപാർശ ചെയ്യുന്നു. അട്ടപ്പാടിയിലെ ശിശുമരണം നടന്ന ഊരുകളിൽ സന്ദർശിച്ച പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണൻ മുഖ്യമന്ത്രിക്ക് റിപ്പോർട് നൽകി. അട്ടപ്പാടിയിൽ വിവിധ വകുപ്പുകൾ സംയോജിച്ചുള്ള പ്രവർത്തനങ്ങൾ വേണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
വകുപ്പുകളുടെ ഏകോപനത്തിനായി ഉന്നത ഉദ്യോഗസ്‌ഥനെ നോഡൽ ഓഫിസറായി നിയമിച്ചാൽ നടപടികൾ വേഗത്തിലാകും. മൂന്ന് മാസം കൂടുമ്പോൾ വകുപ്പുകളുടെ യോഗം ചേർന്ന് സ്‌ഥിതിഗതികൾ വിലയിരുത്തണം. ഊരുനിവാസികൾക്കായി പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിനൊപ്പം തന്നെ അവരെ സ്വയം പര്യാപ്‌തരാക്കുന്നതിൽ ശ്രദ്ധ ചെലുത്തണം. കൂടാതെ, വിദ്യാഭ്യാസ യോഗ്യത അനുസരിച്ച് മാസവരുമാനവും ഉറപ്പു വരുത്തണം.
ഊരുകളിൽ ഉന്നത കോഴ്‌സുകൾ കഴിഞ്ഞ കുട്ടികൾക്ക് പെട്ടെന്ന് ജോലി കിട്ടുന്നതിനുള്ള നടപടികൾ എടുക്കം. മാന്യമായ വേതനം ഇവർക്ക് നൽകണം. കൂടാതെ മേഖലയിൽ പ്രവർത്തിക്കാൻ താൽപര്യമുള്ള ഡോക്‌ടർമാരുടെ സേവനവും പ്രയോജനപ്പെടുത്തണം. മദ്യ നിരോധന മേഖലയാണെങ്കിലും അട്ടപ്പാടിയിൽ വ്യാജ മദ്യം വ്യാപകമായി ഒഴുകുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കോളനികളിലെ യുവാക്കളടക്കം മദ്യത്തിൽ അടിമപ്പെട്ട് നശിക്കുന്നുണ്ട്. ലഹരി മരുന്ന് അടങ്ങിയ സ്‌റ്റിക്കർ നാവിനടിയിൽ വെച്ച് ഭക്ഷണം കഴിക്കാതെ കഴിയുന്നവരും ഉണ്ട്.
ഇക്കാര്യത്തിൽ വലിയ ബോധവൽക്കരണവും ഫലപ്രദമായ ഇടപെടലും സർക്കാർ നടത്തണം. അങ്കണവാടികളുടെ നില മെച്ചപ്പടുത്തണം. വീടുകളുടെ അറ്റകുറ്റപ്പണി നടത്താനും ശൗചാലയം നിർമിക്കാനും നടപടി വേണം. ആശുപത്രികളിൽ അത്യാധുനിക സൗകര്യങ്ങൾ ഏർപ്പാടാക്കണം. രോഗികൾക്ക് മെച്ചപ്പെട്ട ചികിൽസ നൽകണം. ഇക്കാര്യം ആരോഗ്യവകുപ്പുമായി ചർച്ച ചെയ്യണം. കൂടാതെ, ആദിവാസികളുടെ ജീവിതം മെച്ചപ്പെടാൻ ആഗ്രഹിക്കുന്ന സംഘടനകളുടെ സേവനവും പ്രയോജനപ്പെടുത്തണമെന്നും മന്ത്രിയുടെ റിപ്പോർട്ടിൽ പറയുന്നു.
Most Read: നോറോ വൈറസ്; തൃശൂരിൽ 4 പേർക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു