നാളെ മുതൽ കേരളത്തിൽ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം; ആരോഗ്യവകുപ്പ്

ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പുള്ള സ്‌ളിപ്പോ സ്‌റ്റിക്കറോ പാഴ്‌സൽ ഭക്ഷണത്തിനൊപ്പം ഉണ്ടായിരിക്കണം എന്ന നിബന്ധനയും നാളെ മുതൽ പ്രാബല്യത്തിലാകും. നിയമം ശക്‌തമായി നടപ്പിലാക്കാനായി പരിശോധനകൾ കൂടുതൽ ശക്‌തമാക്കുമെന്നും വകുപ്പുമന്ത്രി വീണാ ജോർജ്.

By Central Desk, Malabar News
Health card mandatory in Kerala from tomorrow; Department of Health
Rep. Image
Ajwa Travels

തിരുവനന്തപുരം: നാളെ, 2022 ഫെബ്രുവരി ഒന്നുമുതൽ, ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്‌ഥാപനങ്ങളിലേയും ഭക്ഷ്യ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്.

അപകടകാരികളായ വൈറസുകളും ബാക്‌ടീരിയകളും അടക്കമുള്ള സൂക്ഷ്‌മ ജീവികള്‍ പകർന്നുണ്ടാകുന്ന വിവിധ രോഗ സാദ്ധ്യതകളെ ഇല്ലായ്‌മ ചെയ്യാനാണ് ഭക്ഷണ ശാലകളിൽ ജോലിക്കാർക്ക് ഹെല്‍ത്ത് കാര്‍ഡ് നടപ്പിലാക്കുന്നത്. സ്‌ഥാപനങ്ങൾക്ക്‌ ‘ഓവറോൾ ഹൈജീന്‍ റേറ്റിങ്ങും’ ഇതോടൊപ്പം നടപ്പിലാക്കുന്നുണ്ടെന്നും വകുപ്പ് ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഇന്‍സ്‌പെക്‌ടർമാരും ശുചിത്വവും ഹെല്‍ത്ത് കാര്‍ഡും പരിശോധിക്കുന്നതാണെന്നും ഉദ്യോഗസ്‌ഥർ പറഞ്ഞു. ശരിയായ ചെക്കപ്പുകൾ നടത്താതെ, ഇത്തരം ഹെൽത്ത് കാർഡ് വ്യാജമായി നല്‍കുന്ന ഡോക്‌ടർമാർക്കും സ്‌ഥാപനങ്ങൾക്കും എതിരെയും വ്യാജ കാർഡ് കൈവശം വെയ്‌ക്കുന്നവർക്ക് എതിരെയും വിട്ടുവീഴ്‌ച്ചകൾ ഇല്ലാത്ത നടപടികൾ സ്വീകരിക്കുമെന്നും വകുപ്പ് മന്ത്രി വീണാ ജോർജ്‌ വ്യക്‌തമാക്കി.

ഫുഡ് സേഫ്റ്റി ആന്റ് സ്‌റ്റാൻഡേര്‍ഡ്‌സ് റഗുലേഷന്‍ പ്രകാരം മെഡിക്കല്‍ പരിശോധനക്ക് വിധേയമായി ലഭിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സ്‌ഥാപനത്തിൽ സൂക്ഷിക്കണ്ടതാണ്. ഹെല്‍ത്ത് കാര്‍ഡില്ലാത്ത ജീവനക്കാര്‍ സ്‌ഥാപനത്തിലുണ്ടെങ്കില്‍ എത്രയും വേഗം ഹെല്‍ത്ത് കാര്‍ഡ് എടുപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

അല്ലാത്ത പക്ഷം, സ്‌ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി വെയ്‌പ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമപരമായ നടപടി സ്വീകരിക്കുന്നതാണ്. അടപ്പിച്ച സ്‌ഥാപനങ്ങൾ തുറക്കുമ്പോൾ മറ്റ് ന്യൂനതകള്‍ പരിഹരിക്കുന്നതിനൊപ്പം ജീവനക്കാര്‍ എല്ലാവരും 2 ആഴ്‌ചക്കകം ഭക്ഷ്യ സുരക്ഷാ പരീശീലനം നേടണമെന്നും മന്ത്രി വിശദീകരിച്ചു. സ്‌ഥാപനം തുറന്ന്, ഒരു മാസത്തിനകം ഹൈജീന്‍ റേറ്റിങ്ങിനായി രജിസ്‌റ്റർ ചെയ്യുമെന്നുമുള്ള സത്യപ്രസ്‌താവന ഹാജരാക്കേണ്ടി വരുമെന്നും മന്ത്രിപറഞ്ഞു.

സംസ്‌ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടു കൂടിയ സ്‌ളിപ്പോ സ്‌റ്റിക്കറോ ഇല്ലാത്ത ഭക്ഷണ പാഴ്‌സലുകള്‍ നിരോധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാലിക്കാത്ത സ്‌ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

സ്‌ളിപ്പിലോ സ്‌റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്‌ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവയും വ്യക്‌തമായി നൽകിയിരിക്കണം. ചില ഭക്ഷണങ്ങള്‍ നിശ്‌ചിത സമയത്തിനുള്ളില്‍ ഉപയോഗിച്ചില്ലെങ്കില്‍ അതിലൂടെ ഭക്ഷ്യ വിഷബാധയുണ്ടാകാന്‍ സാധ്യതയുണ്ട്. സംസ്‌ഥാനത്ത് ഷവര്‍മ മാര്‍ഗനിര്‍ദേശം നിലവിലുണ്ട്. പച്ചമുട്ടകൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചിട്ടുമുണ്ട്. ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്‌ത്‌ രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പൊതുജനങ്ങള്‍ പാഴ്‌സലില്‍ പറഞ്ഞിരിക്കുന്ന സമയം കഴിഞ്ഞാല്‍ ആ ഭക്ഷണം കഴിക്കാന്‍ പാടില്ല.

അതേസമയം, നിയന്ത്രണങ്ങളും നിബന്ധനകളും പാലിച്ചില്ലെങ്കിൽ ശിക്ഷയും പിഴയും എന്തൊക്കെയാണ് എന്നതിൽ ഇതുവരെ സർക്കാർ വിശദീകരണം ഉണ്ടായിട്ടില്ല. ഇത്തരം നിബന്ധനകൾ നിയയമപരമായി നിലനിൽക്കുമോ എന്ന കാര്യത്തിലും നിബന്ധനകളൊക്കെ എത്രമാത്രം നടപ്പിലാക്കാൻ പറ്റുമെന്ന കാര്യത്തിലും പൊതുജനങ്ങൾ സംശയം പറയുന്നുണ്ട്. ഹോട്ടൽ അസോസിയേഷന്റെയും തെരുവു കച്ചവടക്കാരുടെ സംഘടനകളുടെയും മുഷ്‌ടിക്ക്‌ മുന്നിൽ മന്ത്രിയും സർക്കാരും മുട്ടുമടക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

Most Read: ഭാരത് ജോഡോ യാത്ര: കരുത്തുറ്റ നേതാവായി രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE