തിരുവനന്തപുരം: തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കനത്ത മഴ തുടരുന്നു. കോട്ടയം വടവാതൂരിൽ അരമണിക്കൂറിനിടെ 43 മില്ലീമീറ്റർ മഴ ലഭിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ എസ്എസ് കോവിൽ റോഡ് അടച്ചു. തിരുവനന്തപുരം പിരപ്പൻകോട് രണ്ടു മണിക്കൂറിനിടെ 67 മില്ലീമീറ്ററും നെയ്യാറ്റിൻകരയിൽ 56 മില്ലീമീറ്ററും മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിൽ പെയ്‌ത കനത്ത മഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ടുണ്ടായി.
അതേസമയം, ജലനിരപ്പ് ഉയർന്നതോടെ അരുവിക്കര ഡാമിന്റെ ഷട്ടറുകൾ 50 സെന്റീമീറ്റർ വീതം ഉയർത്തിയിട്ടുണ്ട്. പുതിയ അറിയിപ്പ് പ്രകാരം, സംസ്‌ഥാനത്ത് 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട് തുടരുകയാണ്. വയനാട്, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്. ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതിനാൽ തീരദേശ മേഖലയിൽ പ്രത്യേക ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.
എറണാകുളം ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദം അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. ജില്ലയിൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിലും സാധ്യതയുണ്ടെന്നും കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Most Read| കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം