തിരുവനന്തപുരം: കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവനന്തപുരത്ത് അതീവ ജാഗ്രതാ നിർദ്ദേശം. ജില്ലയിൽ ക്വാറികൾ, മൈനിങ് പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്‌ടർ അറിയിച്ചു. ബീച്ചുകളിൽ വിനോദ സഞ്ചാരത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കടലോര-കായലോര-മലയോര മേഖലകളിലേക്കുള്ള അവശ്യ സർവീസുകൾ ഒഴികെയുള്ള ഗതാഗതത്തിനും നിരോധനം ഏർപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവയ്‌ക്ക് സാധ്യതയുണ്ടെന്നും തീരപ്രദേശത്ത് കടൽക്ഷോഭത്തിന് സാധ്യത ഉള്ളതിനാലും അതീവ ജാഗ്രത പാലിക്കണമെന്ന് കളക്‌ടർ അറിയിച്ചു.
അതേസമയം, ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനി സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവിഭാഗവും നിർദ്ദേശം നൽകി. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ കളിക്കുകയോ കുളിക്കുകയോ കൈകാലുകൾ കഴുകുകയോ ചെയ്യരുതെന്നാണ് നിർദ്ദേശം. എലി, അണ്ണാൻ, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്യങ്ങൾ കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും രോഗകാരണമാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. മഴയെ തുടർന്ന് ജില്ലയിലാകെ കനത്ത നാശനഷ്‌ടം റിപ്പോർട് ചെയ്‌തിട്ടുണ്ട്.
ശക്‌തമായ മഴയെ തുടർന്ന് തിരുവനന്തപുരം ടെക്‌നോപാർക്കിൽ വെള്ളം കയറി. ഗായത്രി ബിൽഡിങ് ഏരിയ വെള്ളക്കെട്ടിലായി. ടെക്‌നോപാർക്ക് ഫെയ്‌സ്-3ക്ക് സമീപം തെറ്റിയാർ കരകവിഞ്ഞു. കണ്ണൻമൂല, അഞ്ചുതെങ്ങ്, പുത്തൻപാലം, കഴക്കൂട്ടം, വെള്ളായണി, പോത്തൻകോട് എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. ഗ്രാമീണ മേഖലകളിൽ ഏക്കറുകണക്കിന് കൃഷി നശിച്ചു. ജില്ലയുടെ വിവിധ മേഖലകളിലായി 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
Most Read| വിഴിഞ്ഞം തുറമുഖം; ഇന്ത്യക്ക് കേരളം നൽകുന്ന ഏറ്റവും വലിയ സംഭാവന- മുഖ്യമന്ത്രി