തിരുവനന്തപുരം: മരണവീട്ടിൽ കയറി പോലീസ് അതിക്രമം കാണിച്ചതായി പരാതി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി മധുവിന്റെ വീട്ടിലെത്തി പോലീസ് അതിക്രമം കാണിച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്.
നെയ്യാറ്റിൻകരയിലെ ഒരു ക്ഷേത്രത്തിലെ ഘോഷയാത്ര കടന്ന് പോകുന്നതിനിടെ മധുവും മകൻ അരവിന്ദും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇവരെ പിടിക്കാനായി മധുവിന്റെ ഭാര്യ വീട്ടിൽ കയറി പോലീസ് അതിക്രമം കാണിച്ചുവെന്നാണ് പരാതി.
രണ്ട് ദിവസം മുൻപായിരുന്നു മധുവിന്റെ ഭാര്യയുടെ അമ്മ മരണപ്പെട്ടത്. അതിനാൽ മധുവും കുടുംബവും ഈ വീട്ടിലാണ് ഉണ്ടായിരുന്നത്. അരവിന്ദിനെ കസ്‌റ്റഡിയിലെടുത്താണ് പോലീസ് സംഘം മടങ്ങിയത്.
അതേസമയം വീട്ടിനുള്ളിൽ അതിക്രമം കാണിച്ചെന്ന ആരോപണം നിഷേധിച്ച് നെയ്യാറ്റിൻകര ഡിവൈഎസ്‌പി രംഗത്തെത്തി. പോലീസ് ഉദ്യോഗസ്‌ഥരെ അക്രമിക്കുകയും കല്ലെടുത്ത് തലയ്‌ക്ക് അടിക്കുകയും ചെയ്‌ത കേസിലെ പ്രതിയാണ് അരവിന്ദെന്നും ഇയാളുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റതാണെന്നും ഡിവൈഎസ്‌പി പറഞ്ഞു.
കൂടാതെ പിടികൂടാനെത്തിയ പോലീസുകാരെ കണ്ട് വീട്ടിൽ കയറി ഒളിച്ച പ്രതിയെ നാട്ടുകാരുടെ സാന്നിധ്യത്തിൽ അറസ്‌റ്റ് ചെയ്യുകയാണ് പോലീസ് ചെയ്‌തതെന്നും അദ്ദേഹം പറയുന്നു.
Most Read: ദളിത് വിരുദ്ധ പരാമര്‍ശം; നടി മീര മിഥുന്‍ വീണ്ടും അറസ്‌റ്റില്‍