മനുഷ്യ- വന്യജീവി സംഘർഷം; സംസ്‌ഥാന പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കും

സംഘർഷം ലഘൂകരിക്കാൻ നാല് സമിതികൾ രൂപീകരിക്കും.

By Trainee Reporter, Malabar News
ak saseendran
വനംമന്ത്രി എകെ ശശീന്ദ്രൻ
Ajwa Travels

തിരുവനന്തപുരം: മനുഷ്യ- വന്യജീവി സംഘർഷം സംസ്‌ഥാന പ്രത്യേക ദുരന്തമായി (സ്‌റ്റേറ്റ് സ്‌പെസിഫിക്ക് ഡിസാസ്‌റ്റർ) പ്രഖ്യാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംസ്‌ഥാനത്തെ വിവിധ ജില്ലകളിൽ വന്യജീവി ആക്രമണം മൂലം നിരവധിപ്പേരുടെ ജീവൻ നഷ്‌ടമായ ദാരുണസംഭവങ്ങൾ കണക്കിലെടുത്താണ് തീരുമാനം.

സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനം കൂടി ഉൾപ്പെടുത്തി വന്യജീവി ആക്രമണത്തിന് എതിരായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മുഖ്യമന്ത്രി-മന്ത്രി തലത്തിലും ഉദ്യോഗസ്‌ഥ തലത്തിലുമുള്ള നാല് സമിതികൾ ജില്ലാ, പ്രാദേശിക തലങ്ങളിൽ ഉൾപ്പടെ രൂപീകരിക്കും. സംസ്‌ഥാനതല ഉദ്യോഗസ്‌ഥ സമിതി ഉൾപ്പടെയുള്ള സമിതികളുടെ ചുമതലകളും പ്രവർത്തന രീതിയും ചീഫ് സെക്രട്ടറി, വനംവകുപ്പ് സെക്രട്ടറിയുമായി ചർച്ച ചെയ്‌ത്‌ തയ്യാറാക്കും.

സംസ്‌ഥാന തലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായ സമിതി രൂപീകരിക്കും. വനംവകുപ്പ് മന്ത്രി, റവന്യൂ മന്ത്രി, തദ്ദേശസ്വയംഭരണ മന്ത്രി, പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രി എന്നിവർ അംഗങ്ങളും ചീഫ് സെക്രട്ടറി കൺവീനറുമായിരിക്കും. ഈ സമിതി സംസ്‌ഥാന തലത്തിൽ ആവശ്യമായ നിർദ്ദേശങ്ങൾ നൽകും. വന്യജീവി ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളിൽ സമയാസമയം ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് വാട്‌സ് ആപ് ഉൾപ്പടെ ആധുനിക വിവര-വിനിമയ സംവിധാനങ്ങൾ സജ്‌ജമാക്കും.

പ്രകൃതിദുരന്ത സമയങ്ങളിൽ സെക്രട്ടറിയേറ്റ് കേന്ദ്രീകരിച്ച് ഒരുക്കുന്ന നിരീക്ഷണ സംവിധാനത്തിന് സമാനമായി, വനംവകുപ്പ് ആസ്‌ഥാനത്ത് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ചുമതലയിൽ ഒരു കൺട്രോൾ റൂം പ്രവർത്തിക്കും. കൺട്രോൾ റൂമിൽ മതിയായ വാർത്താവിനിമയ സങ്കേതങ്ങൾ ഒരുക്കും. മനുഷ്യ-വന്യജീവി സംഘർഷം നിലനിൽക്കുന്ന മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ ജാഗ്രതക്കായി കൂടുതൽ താൽക്കാലിക വാച്ചർമാരെ നിയോഗിക്കും.

വന്യജീവി സംഘർഷങ്ങളിൽ ഇടപെട്ട് കഴിവ് തെളിയിച്ച ഉദ്യോഗസ്‌ഥരെ ഈ പ്രദേശങ്ങളിൽ നിയമിക്കും. ഇതിന് സംസ്‌ഥാന വനംവകുപ്പ് മേധാവിയെ ചുമതലപ്പെടുത്തി. മനുഷ്യ-വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഏകോപിപ്പിക്കാൻ കേരള-കർണാടക-തമിഴ്‌നാട് സംസ്‌ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ ഉൾപ്പെട്ട ഇന്റർസ്‌റ്റേറ്റ് കോ-ഓർഡിനേഷൻ കമ്മിറ്റി യോഗങ്ങൾ ചേരും. ഇതിനായി ചീഫ് സെക്രട്ടറി, വനംവകുപ്പ് മേധാവി എന്നിവരെ ചുമതലപ്പെടുത്തും.

Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE